മുടിച്ചിറയ്ക്ക് പുതുജീവന്‍, 74 ലക്ഷം ചെലവഴിച്ച് ചിറയിലെ ചെളി നീക്കി അരികുകെട്ടി ജലസംഭരണിയാക്കുന്നു
ഇരിങ്ങാലക്കുട: പുല്ലൂര്‍ അമ്പലനടയിലെ മുടിച്ചിറ പുനരുദ്ധരിക്കുന്നു. ചെളിയും ചണ്ടിയും പുല്ലും വളര്‍ന്ന് നീരൊഴുക്ക് നിലച്ച നിലയില്‍ കിടക്കുന്ന ഒന്നരേക്കര് വരുന്ന മുടിച്ചിറ കെട്ടി സംരക്ഷിക്കണമെന്ന കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണു യാഥാര്‍ഥ്യമാകുന്നത്. നഗരസഞ്ചയിക പദ്ധതിയിലൂടെ മുരിയാട് പഞ്ചായത്തിനു ലഭിച്ച 39 ലക്ഷവും എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിച്ച 35 ലക്ഷവും ചേര്‍ത്ത് 74 ലക്ഷം രൂപ ചെലവഴിച്ചാണു ശുദ്ധീകരിക്കുന്നത്. രണ്ടു ജെസിബി ഉപയോഗിച്ചാണു ചിറയില്‍ നിന്നു ചെളി നീക്കുന്നത്. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാല്‍ ഉരിയച്ചിറയോടു ചേര്‍ന്നുള്ള ഒരു ഹെക്ടറിലേറെ വരുന്ന പാടശേഖരത്തില്‍ കൃഷിയിറക്കിയിട്ട് കാല് നൂറ്റാണ്ടിലേറെയായി. പ്രദേശത്തെ കിണറുകളില്‍ ജലക്ഷാമവും രൂക്ഷമാണ്. മുടിച്ചിറ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇരിങ്ങാലക്കുട നഗരസഭയുടെ കിഴക്കു പ്രദേശത്തെയും മുരിയാട് പഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകളിലെയും ജലക്ഷാമത്തിനു അറുതിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചെളിയും ചണ്ടിയും പുല്ലും വളര്‍ന്ന് നീരൊഴുക്ക് നിലച്ച നിലയിലാണു ഈ ജലാശയം. ജനുവരി മാസത്തോടെ മുല്ലകാട്, അമ്പലനട പ്രദേശത്തെ ഏകദേശം എല്ലാ കിണറുകളും വറ്റി തുടങ്ങുന്നതിനാല്‍ ആഴ്്്്ചയിലൊരിക്കല് പൈപ്പിലൂടെ എത്തുന്ന കുടിവെള്ളമാണു വേനല്‍കാലത്തു ഇവിടത്തുക്കാരുടെ ഏക ആശ്രയം. തരിശുനിലത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ കാലത്തും കൃഷി ചെയ്യാന്‍ സമീപത്തായി ജലസ്രോതസ് ഉണ്ടായിട്ടും കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മുടിചിറക്കു സമീപത്തെ കര്‍ഷകര്‍. ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പദ്ധതിപ്രകാരം അരികുകള്‍ കെട്ടി ചെളിയെടുത്ത് കുളം നവീകരിക്കുന്നതിനു ഒരു കോടി 43 ലക്ഷം രൂപ പദ്ധതിക്കായി നാലു വര്‍ഷം മുമ്പ് വകയിരുത്തിയിരുന്നു. തുടര്‍ന്ന് താലൂക്ക് സര്‍വേയര്‍ സ്ഥലം അളക്കുകയും സമീപത്തെ സ്വകാര്യവ്യക്തിയുടെ കൈയേറ്റ ഭൂമിയടക്കം കണ്ടെത്തുകയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനെ അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ കരാറുകാര്‍ ടെന്‍ഡര്‍ നല്‍കിയത് രണ്ടുകോടി രൂപക്കായതിനാല് പദ്ധതി നടപ്പിലാകാതെ പോവുകയായിരുന്നു. ചിറയില്‍ നിന്നു ചെളി നീക്കം ചെയ്തശേഷം റോഡിന്റെ ഭാഗം ഒഴിവാക്കി ഒരു ഭാഗം കരിങ്കല്ലും കെട്ടി സംരക്ഷിക്കുകയാണ്. രണ്ടുമാസം കൊണ്ട് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
നവീകരണം മഴയെത്തുംമുമ്പേ പൂര്‍ത്തിയാക്കും-ജോസ് ജെ. ചിറ്റിലപ്പിള്ളി (മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
മഴയെത്തും മുമ്പേ ചിറയുടെ നവീകരണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നവീകരണം പൂര്‍ത്തിയാകുന്നതോടെ പുല്ലൂര്‍ മേഖലയിലെ ഏറ്റവും വലി. ജലസംഭരണികളിലൊന്നായി മുടിച്ചിറ മാറും. അതോടെ പ്രദേശത്ത് കാലങ്ങളായി മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയും പഞ്ചായത്തിനുണ്ട്. മാത്രമല്ല, കാലങ്ങളായി പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിനും ഇതിലൂടെ പരിഹാരമാകും.