മുട്ട് മാറ്റിവെക്കല്‍ രോഗനിര്‍ണയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റേയും മാള ഗുരുധര്‍മം മിഷന് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ മുട്ട് മാറ്റിവെക്കല്‍ രോഗനിര്‍ണയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സന് സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ഗുരുധര്‍മം മിഷന് ആശുപത്രി സിഇഒ ഡോ. ആദര്‍ശ് പുളിക്കല്‍, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സെക്രട്ടറി ജോണ്‍ നിധിന് തോമസ്, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത അസ്ഥിരോഗ വിദഗ്ദനും ഗുരുധര്‍മം മിഷന് ആശുപത്രിയുടെ അസ്ഥിരോഗ മേധാവിയുമായ ഡോ. ആന്റണി ജെ. കണ്ണംപിള്ളി ക്യാമ്പിനു നേതൃത്വം നല്കി. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു സൗജന്യമായി ആശുപത്രി കണ്‍സള്‍ട്ടേഷനും സര്‍ജറിയുടെ 50 ശതമാനം കാഷ് ഡിസ്കൗണ്ട് നല്കി. ചെലവേറിയ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടി ചെയ്യാന്‍ കഴിയുന്ന ഒന്നാക്കി മാറ്റുക എന്നതാണു ക്യാമ്പിലൂടെ ലയണ്‍സ് ക്ലബും മാള ഗുരുധര്‍മം മിഷന് ആശുപത്രിയും ലക്ഷ്യം വെക്കുന്നതെന്നും ആശുപത്രി സിഇഒ ഡോ. ആദര്‍ശ് പുളിക്കല്‍ പറഞ്ഞു.