ഇരിങ്ങാലക്കുടയിലെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ നിരാഹാരസമരം നടത്തി
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ കടയടപ്പ് സമരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ നിരാഹാരസമരം നടത്തി. നിരാഹാര സമരം സംഘടനയുടെ നിയോജകമണ്ഡലം ചെയര്‍മാനും യൂണിറ്റ് പ്രസിഡന്റുമായ എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ടി. മണിമേനോന്‍, വി.കെ. അനില്‍കുമാര്‍, ടെക്സ്റ്റൈല്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു, മുന്‍ പ്രസിഡന്റുമാരായ ടി.വി. ആന്റോ, ടെന്നിസന് തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കുക, ഹോട്ടലുകളില്‍ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, ടിപിആര്‍ അനുസരിച്ചുള്ള അശാസ്ത്രീയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ട് ഓണ്‍ലൈന്‍ കുത്തക കമ്പനികളെ വ്യാപാരം നടത്താന്‍ അനുവദിക്കുന്ന നയം പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. സമരത്തിന് സംഘടനയുടെ വൈസ് പ്രസിഡന്റ് പി.വി. ബാലസുബ്രഹ്മണ്യന്, കെ.എസ്. ജാക്സണ്, ഡീന്ഷാഹിദ്, ട്രഷറര്‍ തോമസ് അവറാന് എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുടയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് എല്ലാ വ്യാപാരികളും പ്രതിഷേധ സമരത്തിനു പരിപൂര്‍ണ പിന്തുണ നല്കി.