കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് ഇനി പുതിയ നേതൃത്വം ജോമോന് വലിയവീട്ടിൽ പ്രസിഡന്റ്
ജോമോന് വലിയവീട്ടില്‍ പ്രസിഡന്റ് സ്ഥാനത്ത്; പാര്‍ട്ടി വിപ്പ് ലംഘിച്ച് അഞ്ച് പേര് തെരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് വിട്ടു നിന്നു
ഇരിങ്ങാലക്കുട: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് ഇനി പുതിയ നേതൃത്വം. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഭരണസമിതിയിലുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗം ജോമോന് വലിയവീട്ടിലിനെ പ്രസിഡന്റായി ഭരണസമിതി യോഗം തെരഞ്ഞെടുത്തു. 13 അംഗ ഭരണസമിതിയില്‍ നിന്ന് ഏഴംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. സഹകരണ വകുപ്പിലെ വെള്ളാങ്കല്ലൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ ടി.സി. രശ്മിയുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ള ജോമോന് വലിയവീട്ടിലിനു വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ് ഭരണസമിതിയിലെ 12 കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കും വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത്, ആന്റോ ജി. ആലപ്പാട്ട്, കെ.കെ. സതീശന്, മധുജ, സദാനന്ദന് എന്നീ അഞ്ചുപേരും യോഗത്തില്‍ നിന്ന് വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് പ്രതിനിധി ജൂലിയസ് ആന്റണിയും യോഗത്തില്‍ പങ്കെടുത്തില്ല. ജോമോന് വലിയവീട്ടിലിനെ കൂടാതെ വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍, എം.ജെ. റാഫി, കിരണ്‍ ഒറ്റാലി, എം.ഐ. അഷ്റഫ്, പ്രമീള അശോകന്, സുലഭ മനോജ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അവിശ്വാസപ്രമേയത്തിലൂടെ രാജലക്ഷ്മി കുറുമാത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായതോടെയാണു പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്തിയത്. തെറ്റിദ്ധാരണമൂലമാകാം ചില ഭരണസമിതി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും ചെറുപ്പക്കാര്‍ ഭരണ നേതൃത്വത്തിലേക്കു കടന്നു വരേണ്ടത് അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയാണ് കെപിസിസി പ്രസിഡന്റില്‍ നിന്നും പ്രതിപക്ഷ നേതാവില്‍ നിന്നും ലഭിച്ചതെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ പറഞ്ഞു.