പുല്ലൂര്‍ ഉരിയച്ചിറയിലെ അപകടവളവ് നേരെയാക്കാനുള്ള നടപടികള്‍ ഒന്നുമായില്ല
പുല്ലൂര്‍: പുല്ലൂര്‍ ഉരിയച്ചിറയിലെ അപകടവളവ് നേരെയാക്കാനുള്ള നടപടികള്‍ ഒന്നുമായില്ല. പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട നഗരസഭാ അതിര്‍ത്തിയില്‍ ഉരിയച്ചിറയോടു ചേര്‍ന്നാണ് വളവ്. ഈ വളവ് ഒഴിവാക്കാതെ അപകടങ്ങള്‍ കുറയില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. ഉരിയച്ചിറയ്ക്കു സമീപം പുല്ലുവളര്‍ന്ന് കാടാകുന്നതോടെ, എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കാണാനാകില്ല. കുറച്ചുകാലം മുമ്പ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഈ ഭാഗം വൃത്തിയാക്കിയിരുന്നു. 2012 ലാണ് പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ അപകടവളവ് ഒഴിവാക്കിക്കൊണ്ടുള്ള റോഡിനായി പിഡബ്ല്യുഡി സ്ഥലം അടയാളപ്പെടുത്തിയത്. എന്നാല്‍, ഉരിയച്ചിറയിലെ അപകടവളവ് ആരും ശ്രദ്ധയില്‍പ്പെടുത്തിയില്ല. പുല്ലൂര്‍ ആശുപത്രിക്കു സമീപമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്നായിരുന്നു അന്നത്തെ അഭിപ്രായം. തുടര്‍ന്നാണ് ഉരിയച്ചിറ വരെയുള്ള ഭാഗത്തെ കൈയേറ്റങ്ങള്‍ ഒഴിവാക്കി, രണ്ടുകോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മിച്ചത്. ഉരിയച്ചിറയുടെ വളവ് തീര്‍ത്ത്, യാത്ര സുഗമമാക്കുമെന്ന പ്രഖ്യാപനം യാഥാര്ഥ്യമാകാത്തതിനെത്തുടര്ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപവത്കരിച്ച് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. ഉരിയച്ചിറയിലെ അപകടവളവ് തീര്‍ത്ത്, റോഡ് നേരെയാക്കാന്‍ പുതിയ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഒരു കോടി രൂപ ചെലവു വരുന്ന പദ്ധതിയാണിത്.