നഗരസഭയുടെ ജൈവവളം വിപണിയിലേക്ക്, നിര്‍മാണം വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ഏറ്റവും വലിയ സംസ്കരണശാലകളിലൊന്നായ ഇരിങ്ങാലക്കുട നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ നിര്‍മിക്കുന്ന ജൈവവളം വില്‍പ്പനയ്ക്ക്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് കിലോ തൂക്കങ്ങളിലുള്ള പായ്ക്കറ്റുകളിലായിട്ടാണ് വില്‍പ്പന. ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിരിക്കുന്ന വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ ദിവസേന മൂന്ന് ടണ്‍ ജൈവവളമാണ് നിര്‍മിക്കുന്നത്. 2019-20, 2020-21 ബഹുവര്‍ഷ പദ്ധതിയായി ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് 7000 ചതുരശ്ര അടിയിലാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐആര്‍ടിസിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കിയത്. വളം ഉത്പാദിപ്പിക്കുന്നതിനായി ഐആര്‍ടിസി ആറു വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യമാണ് വളമാക്കുന്നത്. ജൈവവളത്തിന്റെ വിപണനോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബിക്കു പായ്ക്കറ്റ് നല്കി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ് കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.