പെരുംതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി, നടപടി വൈകുന്നു
ഇരിങ്ങാലക്കുട: നഗരസഭ 19-ാം വാര്‍ഡിലെ പെരുംതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. ഇതുസംബന്ധിച്ച് 19-ാം വാര്‍ഡിലെ പ്രദേശവാസികള്‍ നഗരസഭ സെക്രട്ടറിക്കും ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്കി. ഡയബറ്റിക്സ് സെന്റര്‍ ആശുപത്രിക്കു സമീപത്തുകൂടി ഒഴുകുന്ന പെരുംതോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നുത് പതിവായിരിക്കുകയാണ്. രാത്രിയില്‍ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം ഈ തോടിനോട് ചേര്‍ത്തു നിര്‍ത്തി തോട്ടിലേക്ക് ഒഴുക്കിവിടുകയായിരുന്നു. കഴിഞ്ഞ മാസവും ഇതുപോലെ സംഭവിച്ചതായി പരിസരവാസികള്‍ പറയുന്നു. ഈ തോടിനോട് ചേര്‍ന്നാണു കുടിവെള്ള സ്രോതസായ കിണറുകളും സ്ഥിതിചെയ്യുന്നത്. കക്കൂസ് മാലിന്യം ഈ തോടിലൂടെ ഒഴുക്കുന്നതുമൂലം അതിലെ ബാക്ടീരിയകളും മറ്റും ഈ കിണറുകളിലേക്ക് ഒഴുകിയെത്തുമെന്നു പരാതിയില്‍ പറയുന്നു. ഇതുമൂലം പകര്‍ച്ചവ്യാധികളടക്കമുള്ള രോഗങ്ങള്‍ പിടിപെടുവാനും സാധ്യതയുണ്ട്. കൊച്ചു കുട്ടികളടക്കമുള്ള നിരവധിപേരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. പല രോഗങ്ങള്‍ക്കും ചികില്‍സയില്‍ കഴിയുന്നവര്‍ പ്രദേശത്തുണ്ട്. അസഹനീയമായ ദുര്‍ഗന്ധം മൂലം ഈ റോഡുകളിലൂടെ സഞ്ചരിക്കാനും സാധിക്കാത്ത അവസ്ഥയാണ്. സിസിടിവി കാമറയില്‍ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ നഗരസഭാ അധികൃതര്‍ക്കു നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചീട്ടില്ല.