മുക്കുടി നിവേദ്യം സേവിക്കാനായി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്
ഇരിങ്ങാലക്കുട: മുക്കുടി നിവേദ്യം സേവിക്കാനായി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. മുക്കുടി നിവേദ്യ വിതരണം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടത്തിവരുന്ന അനുഷ്ഠാന ചടങ്ങാണ്. പ്രത്യേക പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരില്‍ കലര്‍ത്തി ദേവനു നിവേദിച്ച ശേഷം ഭക്തര്‍ക്കു നല്‍കും. ഇതു സേവിക്കുന്നവര്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്കു ശമനം വരുമെന്നാണു വിശ്വാസം. മുക്കുടിക്കുള്ള ഔഷധക്കൂട്ടുകള്‍ പ്രത്യേക അനുപാതത്തില്‍ സമര്‍പ്പിക്കാനുള്ള പരമ്പരാഗത അവകാശം കുമാരനെല്ലൂര്‍ കുട്ടഞ്ചേരി മൂസ് കുടുംബത്തിനാണ്. ഔഷധക്കൂട്ടുകള്‍ മൂസ് കുടുംബത്തില്‍ നിന്നു തലേന്ന് വൈകീട്ട് സമര്‍പ്പിക്കും. പുലര്‍ച്ചെ കൊട്ടിലാക്കലില്‍ അരച്ചെടുത്ത മരുന്നു തിടപ്പിള്ളിയിലെത്തിച്ചു മോരില്‍ കലര്‍ത്തി മുക്കുടി നിവേദ്യമാക്കിയാണു ഭഗവാനു നിവേദിക്കുക. മണ്കുടുക്കകളിലാണു മുക്കുടി ദേവനു നിവേദിക്കുന്നത്. ക്ഷേത്രം തന്ത്രി അണിമംഗലം മനക്കാര്‍ക്കാണ് മുക്കുടി നിവേദ്യത്തിനുള്ള അവകാശം. ഇക്കുറി കുട്ടഞ്ചേരി അനൂപ് മൂസാണ് തൈരും പ്രത്യേക ഔഷക്കൂട്ടുകളും ചേര്‍ത്ത് മുക്കുടി തയാറാക്കിയത്.