നഗരസഭ ചാലാംപാടം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ആരവമുയര്‍ന്നു……………
സ്ഥാനാര്‍ഥികള്‍ പ്രചരണ രംഗത്തേക്ക്……
ഇരിങ്ങാലക്കുട: കൗണ്‍സിലറായിരുന്ന ജോസ് ചാക്കോള മരണപ്പെട്ടതിനെ തുടര്‍ന്നു ചാലാംപാടം 18-ാം വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികള്‍ പ്രചരണമാരംഭിച്ചു. ഇക്കഴിഞ്ഞ മേയ് എട്ടിനാണു ജോസ് ചാക്കോള കോവിഡ് മൂലം മരണപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥിയായ ജോര്‍ജ് ആളൂക്കാരന്‍, ഇടതുമുന്നണി സ്ഥാനാര്‍ഥി അഖില്‍ രാജ് ആന്റണി എന്നിവര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക നല്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മരണപ്പെട്ട ജോസ് ചാക്കോളയുടെ ഭാര്യ മിനി ജോസ് ഇന്നു നാമനിര്‍ദേശ പത്രിക നല്‍കും. ഈ ഉപതെരഞ്ഞെടുപ്പ് രണ്ടു മുന്നണികളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. നിലവില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫിനു നഗരസഭയില്‍ ഭരണമുള്ളത്. 2020 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു 17 ഉം എല്‍ഡിഎഫിനു 16 ഉം ബിജെപിക്കു എട്ടും കൗണ്‍സിലര്‍മാരാണു നഗരസഭയിലുള്ളത്. യുഡിഎഫിലെ ജോസ് ചാക്കോള മരണപ്പെട്ടതോടെ യുഡിഎഫിനും എല്‍ഡിഎഫിനും 16 വീതം കൗണ്‍സിലര്‍മാരുമായി തുല്യശക്തികളായാണ് നില്‍ക്കുന്നത്. ഈ വാര്‍ഡില്‍ വിജയിച്ചാല്‍ മാത്രമേ യുഡിഎഫിനു കൗണ്‍സിലില്‍ ഭൂരിപക്ഷം ഉണ്ടാകൂ. മറിച്ച് എല്‍ഡിഎഫിനാണു വിജയമെങ്കില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷം കൗണ്‍സിലില്‍ ഉണ്ടാകും. കഴിഞ്ഞ അഞ്ചു തവണയായി ഈ വാര്‍ഡ് യുഡിഎഫിന്റെ ഒപ്പമാണ്. 2020 ലെ തെരഞ്ഞെടുപ്പില്‍ ജോസ് ചാക്കോളയുടെ ഭൂരിപക്ഷം 602 വോട്ടുകളാണ്. എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) നാണ് ഈ സീറ്റ്. ഏതു വിധേനയും തെരഞ്ഞെടുപ്പില്‍ വിജയം നേടി കൗണ്‍സിലില്‍ ഭൂരിപക്ഷം നില നിലനിര്‍ത്തുക എന്നുള്ളതാണു യുഡിഎഫ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇവിടെ കോണ്‍ഗ്രസ് ശുഭപ്രതീക്ഷയിലാണ്. വാര്‍ഡിലെ ചില പ്രാദേശിക പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പലപിണക്കങ്ങള് നിലവിലുള്ളതു മുതലാക്കാനാണ് എല്‍ഡിഎഫ് പാളയത്തിലെ നീക്കം. ബിജെപിക്കു ഈ വാര്‍ഡില്‍ 60 ല്‍ താഴെ വോട്ടുകളാണു ലഭിച്ചുവരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഖിന്‍രാജ് ആന്റണി മൂന്നാം തവണയാണു നഗരസഭയിലേക്കു ജനവിധി തേടുന്നത്. 41 കാരനായ അഖിന് രാജ് കോളജ് പഠനക്കാലത്ത് ക്രൈസ്റ്റ് കോളജില്‍ നിന്ന് യുയുസിയായും സര്‍വകലാശാല യൂണിയന് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായ 74 കാരനായ ജോര്‍ജ് ആളൂക്കാരന്‍ ആദ്യമായിട്ടാണ് ജനവിധി തേടുന്നത്. ഠാണാവില്‍ ഒരു സ്വകാര്യസ്ഥാപനം നടത്തി വരികയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നേതൃത്വം തീരുമാനിച്ചിട്ടുള്ള മിനി ജോസ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷനായി പ്രവര്‍ത്തിച്ചു വരികയാണ്. 48 കാരിയായ മിനിക്കും ഇതു കന്നിയങ്കമാണ്. നാളെയാണു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായുള്ള അവസാന ദിവസം. ഡിസംബര്‍ ഏഴീനു രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ ഡോണ്‍ബോസ്കോ സ്കൂളില്‍ വോട്ടെടുപ്പും എട്ടിനു കൗണ്‍സില്‍ ഹാളില്‍ വോട്ടെണ്ണലും നടക്കും.