ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയ്ക്ക് ഇന്നു മുതല്‍ പുതിയ വാഹനം
ഇരിങ്ങാലക്കുട: അഗ്നിരക്ഷാസേനയ്ക്കു കരുത്തായി പുതിയ ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ (എഫ്ആര്‍വി) എത്തി. പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ വലിയ വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ എളുപ്പം എത്താന്‍ ഈ വാഹനം സഹായിക്കും. തീപിടിത്തം ഉണ്ടായാല്‍ അണയ്ക്കുന്നതിനായി 400 ലിറ്റര്‍ വെള്ളം, വാതകചോര്‍ച്ച ഉണ്ടായി തീപിടിച്ചാല്‍ അണയ്ക്കുന്നതിനു 50 ലിറ്റര്‍ ഫോം, മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാനുള്ള കട്ടിംഗ് മെഷീന്, വാഹനാപകടം ഉണ്ടായാല്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് മെഷീന് എന്നിവ വാഹനത്തിലുണ്ട്. എഫ്ആര്‍വി കൂടാതെ ജീപ്പ്, ആംബുലന്‍സ്, രണ്ടു ഫയര്‍ ടെന്‍ഡറുകള്‍ എന്നിവയാണ് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന ഓഫീസിനുള്ളത്. അഞ്ചു ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 40 ജീവനക്കാരുടെ സേവനം ലഭ്യമാണ്. എഫ്ആര്‍വി ഇന്ന് ഉച്ചയ്ക്ക് 12 നു മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യും.