ചേലൂര്‍ കാട്ടിക്കുളം: കൈയേറ്റം കണ്ടെത്തി; നടപടിയില്ല സര്‍വേ കഴിഞ്ഞ് നാലു വര്‍ഷം
ഇരിങ്ങാലക്കുട: പോട്ട-മൂന്നുപീടിക സംസ്ഥാന പാതയിലെ ചേലൂര്‍ കാട്ടിക്കുളം ഭാഗത്ത് കൈയേറ്റം കണ്ടെത്തി നാലു വര്‍ഷം പിന്നിട്ടിട്ടും നടപടിയൊന്നുമില്ല. 2017 ല്‍ എംപി ഫണ്ടില്‍ നിന്നു ലഭിച്ച ഏഴു ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ കുളത്തിനു ചുറ്റുമതില്‍ നിര്മിച്ചപ്പോഴാണു പ്രതിഷേധം ഉയര്‍ന്നത്. സംസ്ഥാനപാത കൈയേറിയാണു ചുറ്റുമതില്‍ നിര്‍മിക്കുന്നതെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം അളന്നു കൈയേറ്റം കണ്ടെത്തിയിരുന്നു. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങള്‍ രണ്ടു മീറ്ററിലധികം റോഡിലേക്കു തള്ളിയാണു നില്‍ക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. സര്‍വേയറുടെ നിര്‍ദേശത്തെ തുടര്‍ന്നു കൈയേറ്റം കണ്ടെത്തിയ സ്ഥലത്ത് അടയാളപ്പെടുത്തി പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ഇരുവശത്തും കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ചു. എന്നാല്‍, ഇതുവരെയായിട്ടും കൈയേറ്റങ്ങള്‍ നീക്കി റോഡിന്റെ വീതികൂട്ടാന്‍ അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. പോട്ട-മൂന്നുപീടിക റോഡില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള സ്ഥലമാണു കാട്ടിക്കുളം ഭാഗം. കൈയേറ്റങ്ങള്‍ ഒഴിവാക്കി, റോഡിന്റെ വീതികൂട്ടാന്‍ പിഡബ്ല്യുഡി അടിയന്തിരമായി നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. എന്നാല്‍, കുളത്തിന്റെ ഭാഗത്തുള്ള കൈയേറ്റങ്ങള്‍ ഒഴിവാക്കി, റോഡിനു വീതികൂട്ടാന്‍ സര്‍ക്കാരിനു നേരത്തേ പദ്ധതി സമര്‍പ്പിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. റോഡിലേക്കു തള്ളി നില്ക്കുന്ന കുളത്തിന്റെ ഭാഗത്ത് അടിവശം മുതല്‍ കെട്ടിയുയര്‍ത്തി വേണം വീതികൂട്ടാന്‍. ഒരു കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ആരംഭിക്കും.