പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ് നിവര്‍ത്താന്‍ നടപടി വേണം
പുല്ലൂര്‍: ഉരിയച്ചിറയിലെ അപകടവളവ് നേരെയാക്കാന്‍ നടപടിയായില്ല. ഏറെ തിരക്കേറിയ പോട്ട-മൂന്നുപീടിക സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട നഗരസഭാ അതിര്‍ത്തിയിലുള്ള ഉരിയച്ചിറയോടു ചേര്‍ന്നാണ് അപകടവളവ്. വര്‍ഷങ്ങളായി ഈ അപകടവളവു നിവര്‍ത്താന്‍ ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പുല്ലൂര്‍ അപകടവളവ് പുനര്‍നിര്‍മിച്ച വേളയില്‍ ഉരിയച്ചിറ ഭാഗം നേരെയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടിയായിട്ടില്ല. നേരത്തെ പുല്ലൂര്‍ ആശുപത്രിക്കു സമീപമുള്ള അപകടവളവിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കി റോഡ് വീതി കൂട്ടിയപ്പോള്‍ ഉരിയച്ചിറ അപകടവളവ് പരിഗണിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ വളവ് ഒഴിവാക്കാതെ അപകടങ്ങള്‍ കുറയില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. ഉരിയച്ചിറയ്ക്കു സമീപം പുല്ല് വളര്‍ന്നു കാടാകുന്നതോടെ എതിര്‍വശത്തു നിന്നു വരുന്ന വണ്ടികള്‍ കാണാതാകുന്നതാണ് അപകടങ്ങള്‍ക്കു കാരണമെന്നാണു പറയുന്നത്. കുറച്ചുകാലം മുമ്പ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഈ ഭാഗം വൃത്തിയാക്കിയിരുന്നു.