ഇരിങ്ങാലക്കുട സ്റ്റേഷനിലെ സ്റ്റോപ്പുകള് പുനഃസ്ഥാപിക്കും
ഇരിങ്ങാലക്കുട: ലോക്ഡൗണിന് ശേഷം ഒഴിവാക്കിയ ട്രെയിന് സ്റ്റോപ്പുകള് പുനരാരംഭിക്കാന് ടി.എന്. പ്രതാപന് എംപി വിളിച്ചുചേര്ത്ത റെയില്വേ ഉദ്യോഗസ്ഥരുടെയും പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളുടെയും യോഗത്തില് തീരുമാനിച്ചു. കല്ലേറ്റുംകര റെയില്വേ സ്റ്റേഷനില് എംപി ഫണ്ടിന്റെ സഹായത്തോടെ മേല്ക്കൂര ഒരുക്കാനും കാന്റീന്, ടീ ഷോപ്പ് പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. രാവിലത്തെ ഷൊര്ണൂര്-എറണാകുളം പാസഞ്ചര് ട്രെയിനിന്റെ സമയം യാത്രക്കാര്ക്ക് സൗകര്യപ്രദമായ വിധത്തില് പുനഃക്രമീകരണം ചെയ്യാന് ശ്രമിക്കുമെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു. ആലപ്പി-ചെന്നൈ, ഐലന്ഡ് എക്സ്പ്രസ് എന്നിവയില് സീസണ് ടിക്കറ്റ് യാത്രക്കാര്ക്കായി കൂടുതല് കോച്ചുകള് അനുവദിക്കാമെന്നും റെയില്വേ സമ്മതിച്ചതായി പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള് പറഞ്ഞു. പാലരുവി, ഏറനാട് ട്രെയിനുകളുടെ സ്റ്റോപ്പിനായി എംപി വഴി പാസഞ്ചേഴ്സ് അസോസിയേഷന് റെയില്വേ ബോര്ഡിനെ സമീപിക്കണമെന്ന അസോസിയേഷന്റെ ആവശ്യം എംപി അംഗീകരിച്ചു. യോഗത്തില് അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി പി.എ. ബിജു, ട്രഷറര് സുഭാഷ് എന്നിവര് പങ്കെടുത്തു. തിരുവനന്തപുരം ഡിവിഷണല് റെയില്വേ മാനേജര് ആര്. മുകുന്ദന്, മറ്റു ഉദ്യോഗസ്ഥര് എന്നിവരും സന്നിഹിതരായിരുന്നു.