കെഎല്‍ഡിസി കനാലില്‍ ചണ്ടി നീരാഴുക്ക് തടസപ്പെടുത്തുന്നു സമീപ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യത
ഇരിങ്ങാലക്കുട: മുരിയാട് കായലില്‍ മാടായിക്കോണം ചാത്തന്മാസ്റ്റര് റോഡില്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പാലത്തിനടിയില്‍ ചണ്ടിയും പുല്ലും ഒഴുകി വന്ന് സ്ലൂയിസ് ക്രോസ് ബാറില്‍ തടഞ്ഞു നില്ക്കുന്നതിനാല് നീരൊഴുക്ക് വലിയതോതില്‍ തടസപ്പെട്ടിരിക്കുകയാണ്. തൊമ്മാനയില്‍ നിന്നും ആരംഭിക്കുന്ന കെഎല്‍ഡിസി കനാല്‍ കോന്തിപുലം തോടില്‍ വന്നു ചേരുന്ന ഭാഗത്താണു നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നത്. ഇവിടെ പാലത്തിനിരുവശത്തുള്ള ജലനിരപ്പില്‍ നാലടിയോളം വ്യത്യാസമുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ തുറക്കാനിടയായാല്‍ അധികജലം തൊമ്മാനയില്‍ നിന്നും തുടങ്ങുന്ന കെഎല്‍ഡിസി കനാല്‍ വഴിയാണു കരുവന്നൂര്‍ പുഴയിലേക്കു എത്തിച്ചേരുന്നത്. പ്രളയം രൂക്ഷമായി ബാധിക്കാത്ത കാലത്തും ഈ പ്രദേശത്ത് വെള്ളം പൊങ്ങുകയും ആനുരുളി, മുരിയാട് റോഡ്, നമ്പ്യങ്കാവ് ആനന്ദപുരം ബണ്ട് റോഡ്, ചാത്തന് മാസ്റ്റര്‍ റോഡ് എന്നിവ വെള്ളത്തിനടിയിലാകാറുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നീരൊഴുക്ക് തടസപ്പെട്ടിട്ടുള്ളതിനാല് ഇരിങ്ങാലക്കുട നഗരസഭയിലെ ഏഴ്, എട്ട്, ഒമ്പത്, 10, 11, 13 എന്നീ വാര്‍ഡുകളിലെയും മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം, മുരിയാട്, പുല്ലൂര്‍, ആനുരുളി, തുറവന്‍കുന്ന് എന്നീ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനിടയുണ്ട്. ചാത്തന് മാസ്റ്റര്‍ റോഡിലെ പാലത്തിനു ഇരുവശത്തും അടിഞ്ഞു കൂടിയ പുല്ലും ചണ്ടിയും എക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്ത് സമീപ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനു മുകുന്ദപുരം തഹസില്‍ദാര്‍ നടപടി സ്വീകരിക്കണമെന്നു സിപിഎം പൊറത്തിശേരി മണ്ഡലം സെക്രട്ടറി എം.ബി. രാജു അറിയിച്ചു.