വ്യാപാരസ്ഥാപനങ്ങളുടെ സമയ നിയന്ത്രണം; ഓണക്കച്ചവടമല്ലേ, ഇളവു വേണം
ഓണക്കാലത്തു കച്ചവട സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തന സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. കോവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചു കൂടുതല്‍ സമയം സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നു വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സമയപരിമിതിമൂലം സ്ഥാപനങ്ങളില്‍ ഓണക്കാലത്തു ആള്ത്തിരക്കുണ്ടാകാന് സാധ്യതയുണ്ട്. എന്നാല്‍ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും തിരക്ക് ഒഴിവാക്കിയും പ്രവര്‍ത്തിക്കാനാകുമെന്നു വ്യാപാരികള്‍ പറയുന്നു.
അത്തം കഴിഞ്ഞതോടെ ഒട്ടുമിക്ക മാര്‍ക്കറ്റുകളിലും വീണ്ടും തിരക്കായി. എന്നാല്‍, മാനദണ്ഡങ്ങള്‍ ഉറപ്പാക്കി സമയക്രമം വര്‍ധിപ്പിക്കാതെ ഈ തിരക്കു കുറയ്ക്കാനാകില്ല. സമയപരിധി ഉള്ളതുകൊണ്ട് ഉപയോക്താക്കള്‍ക്കു കൃത്യമായി വിവരങ്ങള്‍ പറഞ്ഞു കൊടുക്കുവാന്‍ സാധിക്കാതെ വരുന്നു. അനുയോജ്യമായ സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ സമയം കിട്ടുന്നില്ല. കൂടുതല്‍ ആളുകള്‍ വൈകുന്നേരങ്ങളില്‍ ഒന്നിച്ചു വരാനുള്ള സാധ്യത കൂടുന്നുമുണ്ട്. ഇതു പ്രതിസന്ധി സൃഷ്ടിക്കും. ഗൃഹോപകരണങ്ങളുടെ വില്പന മിക്കവാറും വൈകീട്ട് അഞ്ച് കഴിഞ്ഞാണ് ആരംഭിക്കുന്നത്. സമയമെടുത്തു കാര്യങ്ങള്‍ മനസിലാക്കിയാണ് ആളുകള്‍ വാങ്ങുന്നത്. കൂടുതലും ജോലി കഴിഞ്ഞു വരുന്ന ജീവനക്കാരാണ് ഉപയോക്താക്കള്‍. നിലവില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയാണു ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തനാനുമതിയുള്ളത്. റസ്റ്റോറന്റുകളില്‍ രാത്രി ഒമ്പത് വരെ പാഴ്സല്‍ സര്‍വീസുകള്‍ അനുവദിക്കും. കച്ചവടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ സമയ പരിധിയില്‍ ഓണക്കാലത്ത് ഇളവ് അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
കോവിഡ് സാഹചര്യത്തില്‍ കച്ചവടം കുത്തനെ ഇടിഞ്ഞതോടെ ഭൂരിഭാഗം വ്യാപാരികളും വലിയ കടക്കെണിയിലാണ്. കണ്ടെയ്ന്മെന്റ് സോണും ട്രിപ്പിള്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതുവരെയുണ്ടായ നഷ്ടക്കണക്കുകള്‍ ഈ ഓണക്കാലത്തെ കച്ചവടങ്ങളിലൂടെ കുറച്ചെങ്കിലും നികത്താമെന്നായിരുന്നു വ്യാപാരികളുടെ പ്രതീക്ഷ. എന്നാല്‍ അതും മങ്ങുന്ന സാഹചര്യമാണു നിലവിലുള്ളതെന്ന് ഇവര്‍ പറയുന്നു.
സമയം ചുരുക്കിയാല്‍ തിരക്ക് വര്‍ധിക്കും- എബിന് വെള്ളാനിക്കാരന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം ചെയര്മാന്)
കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം തിരുവോണനാള്‍ വരെയെങ്കിലും രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാക്കണം. കൂടുതല്‍ സമയം ലഭിച്ചാല്‍ അകലം കൂടുതല്‍ ഉറപ്പാക്കി കച്ചവടം നടത്താനാകും. വ്യാപാരികള്‍ക്കും കടയില്‍ എത്തുന്നവര്‍ക്കും ഇതു സൗകര്യപ്രദമാകും. പ്രവര്‍ത്തന സമയം കുറയ്ക്കുന്നതുകൊണ്ടു മാത്രം കടകളിലെ തിരക്കു കുറയില്ലല്ലോ. കോവിഡ് നിബന്ധനകളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടു പ്രവര്‍ത്തന സമയം കൂട്ടിനല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഓണ സീസണില്‍ സമയം ചുരുക്കുന്നതു സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുടെ തിരക്കു വര്‍ധിക്കാന്‍ കാരണമാകും. ഒരേ സമയം അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം സ്ഥാപനങ്ങളുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കണം. വ്യാപാര സ്ഥാപനങ്ങളുടെ സമയ നിയന്ത്രണം ഓണവിപണിയുടെ നട്ടെല്ലൊടിക്കുന്ന അവസ്ഥയാണ്.