ആര്‍ആര്‍ ഹിയറിംഗ് ഫെബ്രുവരി നാലിന്
ഇരിങ്ങാലക്കുട: ഠാണ ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങള്‍ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിടുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രിയും, നിയോജകമണ്ഡലം എംഎല്‍എയുമായ ഡോ. ആര്. ബിന്ദു പറഞ്ഞു. പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ആര്‍ആര്‍ ഹിയറിംഗ് ഫെബ്രുവരി നാലിന് നടക്കും. പാര്‍ക്ക് റോഡ് ലയണ്‍സ് ക്ലബ് ഹാളില്‍ രാവിലെ 9.30 മുതലാണ് ഹിയറിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമായിരിക്കും ഹിയറിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുക. ഹിയറിങ്ങിന്റെ ഭാഗമായി നോട്ടീസ് ലഭിക്കാത്ത പുനരധിവാസത്തിന് അര്‍ഹരായവര്‍ക്കും മതിയായ രേഖകള്‍ സഹിതം ആര്‍ആര്‍ ഹിയറിംഗില്‍ പങ്കെടുക്കാമെന്ന് മന്ത്രി ഡോ. ആര് ബിന്ദു വ്യക്തമാക്കി. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനാണ് വിരാമമാകുന്നത്. സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്. ഇതിനായി ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ തന്നെ മാറും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് ഇതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത് മന്ത്രി ഡോ. ആര്. ബിന്ദു വ്യക്തമാക്കി.