മുനയം റഗുലേറ്റര്‍ എന്ന് വരും ?
ഫണ്ടിന്റെ കാലാവധി ഒരു വര്‍ഷംകൂടി മാത്രം
കാട്ടൂര്‍: കരുവന്നൂര്പ്പുഴയ്ക്ക് കുറുകെ കാട്ടൂര്‍, താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് മുനയം റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി നബാര്‍ഡ് 24 കോടി രൂപ അനുവദിച്ച് അഞ്ചുവര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ നിര്‍മാണം തുടങ്ങിയില്ല. പദ്ധതിയുടെ കാലാവധി 2024 മാര്‍ച്ചില്‍ അവസാനിക്കാനിരിക്കേ ബാക്കിയുള്ള ഒരു വര്‍ഷം കൊണ്ട് എങ്ങനെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് ജനം ചോദിക്കുന്നത്. ദേശീയതലത്തിലാണ് നബാര്‍ഡ് ഫണ്ട് അനുവദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്ന പദ്ധതികള്‍ നേരത്തെ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഈ പദ്ധതിയുടെയും കാലാവധി അതോടൊപ്പം അവസാനിപ്പിക്കുമോയെന്നാണ് ആശങ്ക. കാട്ടൂര്‍, താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുടിവെള്ള വിതരണത്തിനായിട്ടാണ് പുഴയ്ക്ക് കുറുകെ വര്‍ഷംതോറും ലക്ഷങ്ങള്‍ ചെലവഴിച്ച് താല്കാലിക ബണ്ട് നിര്‍മിക്കാറുള്ളത്. ഇതിനൊരു ശാശ്വത പരിഹാരമായാണ് പുഴയ്ക്ക് കുറുകെ 82 മീറ്റര്‍ നീളത്തില്‍ മുനയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. 5.50 മീറ്റര്‍ ഉയരത്തില്‍ വെള്ളം സംഭരിക്കുന്നതിന് 12 മീറ്റര്‍ വീതമുള്ള സ്പാനുകളോടെയാണ് ഇത് നിര്‍മിക്കുക. പിസി കനാലിലെ ഉപ്പുവെള്ളം കരുവന്നൂര്‍ പുഴയിലേക്ക് കയറാതെ സംരക്ഷിക്കുക, 3,000 ഹെക്ടറോളം വരുന്ന കോള്‍നിലങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുക എന്നിവയായിരുന്നു പദ്ധതി ലക്ഷ്യങ്ങള്‍. റെഗുലേറ്ററിനൊപ്പം പാലം വരുന്നതോടെ കാട്ടൂര്‍, താന്ന്യം പഞ്ചായത്തുകളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനും സാധിക്കുമെന്നാണ് പറഞ്ഞിരുന്നത്. റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി നേരത്തെ നടത്തിയ ടെന്‍ഡര്‍, ഫണ്ടിന്റെ അപര്യാപ്തതമൂലം റദ്ദാക്കി രണ്ട് പദ്ധതിയായി ചെയ്യാന്‍ ഇറിഗേഷന്‍ വിഭാഗം സംസ്ഥാന സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുക അനുവദിച്ചിട്ടില്ല. പദ്ധതിപ്രകാരം നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് റഗുലേറ്ററും പാലത്തിന്റെ തൂണുകളുമാണ് നിര്‍മിക്കുക.