ജില്ലയിലെ ആദ്യ ശുചിത്വ പദവി നഗരസഭയായി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ജില്ലയിലെ ആദ്യ ശുചിത്വ പദവി നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭയെ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. ജൈവ അജൈവ മാലിന്യ സംസ്കരണം സംബന്ധിച്ച് സംസ്ഥാന ശുചിത്വമിഷന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ അനുവദിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പട്ടണത്തില്‍ നടപ്പാലാക്കിയതിന്റെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. ഹരിതകര്‍മസേന രൂപീകരണവും അജൈവ മാലിന്യങ്ങള്‍ യൂസര്‍ഫീ ഈടാക്കി കൊണ്ടുള്ള ശേഖരണം, ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കാനായി റിംഗ് കമ്പോസ്റ്റ്, കിച്ചണ്‍ബിന്‍ വിതരണം, മാലിന്യ സംസ്ക്കരണത്തിനു സൗകര്യമില്ലാത്ത വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുടുംബശ്രീ സംവിധാനത്തിലൂടെ ശേഖരിച്ച് ഹില്‍പാര്‍ക്കില്‍ സംസ്കരണം നടത്തുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കുളങ്ങള്‍, തോടുകള്‍, കാനകള്‍ വൃത്തിയാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രണ്ടരകോടിയുടെ പ്രവര്‍ത്തനങ്ങളാണു ഈ മേഖലയില്‍ നഗരസഭയില്‍ നടപ്പിലാക്കിയത്. മുന്‍സിപ്പല്‍ ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. കോവിഡ്19 സുരക്ഷാക്രമീകരണങ്ങളോടെ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന് നായര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി പെയര്‍മാന്‍ കുരിയന്‍ ജോസഫ്, ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് മീനാക്ഷി ജോഷി, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് ചെയര്മാന് ബിജു ലാസര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വത്സല ശശി, കൗണ്‍സിലര്‍മാരായ സോണിയഗിരി, പി.വി. ശിവകുമാര്‍, എം.ആര്. ഷാജു, സുജ സഞ്ജീവ്കുമാര്‍, അബ്ദുള്ളകുട്ടി, രമേശ് വാരിയര്‍, ബേബി ജോസ് കാട്ടല് വി.സി. വര്‍ഗീസ്, അമ്പിളി ജയന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ജി. അനില്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള്‍ ബഷീര്‍, മുന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.