വനമിത്ര പുരസ്കാരം ക്രൈസ്റ്റ് കോളജിന്

ഇരിങ്ങാലക്കുട: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വന വല്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ഉദ്ഘാടനവും വനമിത്ര പുരസ്കാര സമര്‍പ്പണ ചടങ്ങും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. സജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ സംരക്ഷണത്തിന് സ്തുത്യര്‍ഹമായ സേവനം നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേരളത്തില്‍ വനംവകുപ്പ് നല്കി വരുന്ന അംഗീകാരം ആയ വനമിത്ര പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അര്‍ഹരായി. വനമിത്ര പുരസ്കാര സമര്‍പ്പണവും ജില്ലാതല ഉദ്ഘാടനവും സോണിയ ഗിരി നിര്‍വഹിച്ചു. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ കുറിച്ചും മാറുന്ന കാലാവസ്ഥയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റിയും മുഖ്യഅതിഥി തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എന്‍. അനൂപ് ഐഎഫ്എസ് പറഞ്ഞു. ആര്. കീര്‍ത്തി ഐഎഫ്എസ്, സാംബുദ്ധ മജുംദാര്‍ ഐഎഫ്എസ്, മുന്‍ വനമിത്ര പുരസ്കാര ജേതാവ് വി.കെ. ശ്രീധരന്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാംപള്ളി സിംഎംഐ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.