ഡോ. സോണി ജോണിനെ മന്ത്രി ഡോ ആര് ബിന്ദു പൊന്നാട അണിയിച്ചു ആദരിച്ചു
ഇരിങ്ങാലക്കുട : ചൈനയില്‍ വച്ച് നടന്ന പതിനാറാമത് ഏഷ്യന്‍ ഗെയിംസ് മത്സരത്തില്‍ ഇന്ത്യയുടെ ആര്‍ച്ചറി ടീമില്‍ അംഗമായി പ്രവര്‍ത്തിച്ച ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ. സോണി ജോണിനെ ആദരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടര്‍ ആര് ബിന്ദു ഡോ. സോണി ജോണിനെ പൊന്നാട അണിയിച്ചു. ഡോ. സോണി ജോണ്‍ ടീം സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിച്ച ഇന്ത്യന്‍ ആര്‍ച്ചറി ടീം മികച്ച പ്രകടനമാണ് ഗെയിംസില്‍ കാഴ്ചവെച്ചത്. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ ആര്‍ച്ചറി ടീം ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഏഷ്യന്‍ ഗെയിംസിന് മുന്‍പ് ലോക അമ്പെയ്ത്തു ചാംപ്യന്‍ഷിപ്പ് ടീമിലും ഡോ. സോണി ജോണ്‍ അംഗമായിരുന്നു. 96 വര്‍ഷത്തിനിടയില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണ്ണം നേടുക മാത്രമല്ല മൂന്ന് സ്വര്‍ണം നേടി മെഡല്‍ പട്ടികയില്‍ ഒന്നാമത് എത്തുകയും ചെയ്തു. ഡോ. സോണി ജോണ്‍ ഭാഗമായ ഇന്ത്യന്‍ ആര്‍ച്ചറി ടീം 8 മാസത്തിനിടയില്‍ 20 അന്താരാഷ്ട്ര സ്വര്‍ണമെഡലുകളാണ് നേടിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു മുഖ്യാതിഥിയായിരുന്ന അനുമോദന സമ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു.