സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന് ജില്ലാആസ്ഥാനമായി, ഉദ്ഘാടനം നാളെ
ഇരിങ്ങാലക്കുട: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ജില്ലാ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. ഇരിങ്ങാലക്കുട മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കളിസ്ഥലത്തിനോടുചേര്ന്ന് വടക്കുകിഴക്കേ അറ്റത്തുള്ള 40 സെന്റ് സ്ഥലത്താണ് 50 ലക്ഷം ചെലവഴിച്ച് 2400 സ്ക്വയര്‍ ഫീറ്റില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മിനി ഹാള്‍, ഓഫീസ്, അതിഥിമുറി, ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 1992 ലാണ് പൊതുവിദ്യാഭ്യാസവകുപ്പ് ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിനോടുചേര്‍ന്ന് 40 സെന്റ് സ്ഥലത്ത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ ആസ്ഥാനമന്ദിരം നിര്‍മാണത്തിനായി അനുവദിച്ചത്.
നിര്‍മാണം നീണ്ടുപോയതിനെത്തുടര്‍ന്ന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് ഡിപിഐ, പൊതുവിദ്യാഭ്യാസവകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവരെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ ഹിയറിംഗ് നടത്തി കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്കി. അന്നത്തെ സ്കൂള്‍ അധികാരികള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടം നിര്‍മിച്ചാല്‍ അത് ഗ്രൗണ്ട് വികസനത്തിന് തടസ്സമാകുമെന്നും കെട്ടിടം മാറ്റിനിര്മിക്കണമെന്നുമാവശ്യപ്പെട്ട് പിടിഎയും പൂര്‍വവിദ്യാര്‍ഥി സംഘടനയും രംഗത്തെത്തി. ഇരുസംഘടനകളും ഹൈക്കോടതിയെ സമീപിച്ചു. 2020 ഒക്ടോബറില്‍ കെട്ടിടനിര്‍മാണം ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. കളിസ്ഥലം നഷ്ടപ്പെടുത്താതെ സ്റ്റേഡിയം നിര്‍മാണത്തിന് തടസ്സമാകാത്ത രീതിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് പിടിഎയുടെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താന്‍ കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് കെട്ടിടം നിര്‍മിച്ചത്. നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് മന്ത്രി ആര്. ബിന്ദു ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യും.