ഇരിങ്ങാലക്കുട പട്ടണത്തില്‍ ഇനി ഷീ ലോഡ്ജും; ഭാവനാപൂര്‍ണ്ണമായ പദ്ധതിയെന്നും കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ കാര്യമാക്കേണ്ടതില്ലെന്നും സമൂഹത്തില്‍ സ്ത്രീകളുടെ ദൃശ്യതയും സാന്നിധ്യവും വര്‍ധിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തില്‍ സ്ത്രീകളുടെ ദ്യശ്യതയും സാന്നിദ്ധ്യവും വര്‍ധിച്ച് വരികയാണെന്നും നഗരഹൃദയത്തില്‍ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി ഭാവനാപൂര്‍ണ്ണമായ പദ്ധതി നടപ്പിലാക്കിയ ഇരിങ്ങാലക്കുട നഗരസഭ അധികൃതരെ അഭിനന്ദിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു. ബഹുവര്ഷപദ്ധതിയായി മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് മുനിസിപ്പല്‍ മൈതാനത്തിന് സമീപം സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച ഷീ ലോഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ ശക്തമായ സാന്നിധ്യം പ്രകടമായിക്കഴിഞ്ഞു. തൊഴില്‍ പങ്കാളിത്തവും വര്‍ധിച്ച് കഴിഞ്ഞു. കുടുംബശ്രീ പ്രസ്ഥാനമാണെങ്കില്‍ സമാനതകള്‍ ഇല്ലാത്ത സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറി ക്കഴിഞ്ഞു. ഇത്തരം പദ്ധതികളുടെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥി ആയിരുന്നു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സി സി ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ ഒ.എസ്. അവിനാഷ്, സോണിയ ഗിരി, അഡ്വ. കെ.ആര്. വിജയ, സന്തോഷ് ബോബന്, അല്‍ഫോണ്‍സ തോമസ്, പി.ടി. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനിസിപ്പല്‍ എന്‍ജിനീയര്‍ ആര് സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്ചെയര്‍മാന്‍ ടി വി ചാര്‍ലി സ്വാഗതവും സെക്രട്ടറി എം.എച്ച്. ഷാജിക് നന്ദിയും പറഞ്ഞു. ആധുനിക സൗകര്യങ്ങളോടു കൂടി 2 നിലകളിലായി അറ്റാച്ചഡ് ബാത്ത്റും സൗകര്യമുള്ള 20 മുറികളാണുള്ളത്. ഇതില്‍ 3 കിടക്കകളുള്ള 2 റൂമുകളും രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണുള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറികളും ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളും ഈ ഷീ ലോഡജിന്റെ പ്രത്യേകതകളാണ്.