കഥകളിയിലെ ഇതിഹാസപുരുഷന്‍ കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാളിനെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവര്ണ്ണജൂബിലിയാഘോഷപരമ്പരയായ സുവര്‍ണ്ണത്തിന്റെ ഭാഗമായി കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള് അനുസ്മരണം നടന്നു. പൊതുവാളാശാന്റെ കലാമണ്ഡലകാലം എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത കലാനിരൂപകന് വി കലാധരനും, പൊതുവാളാശാന്റെ കഥകളിദര്‍ശനം രചനകളിയിലൂടെ എന്ന വിഷത്തെ അടിസ്ഥാനമാക്കി ഡോക്ടര്‍ എന്‍ പി വിജയകൃഷ്ണനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുവാളാശാന്റെ കളരിയും അരങ്ങും എന്ന വിഷയത്തെക്കുറിച്ച് കഥകളിനിരൂപകനും, കലാമണ്ഡലം പ്രവര്‍ത്തകസമിതി അംഗവും, ഡീനുമായ കെ ബി രാജ് ആനന്ദ് സോദാരണപ്രഭാഷണം നടത്തി.
അരങ്ങത്ത് കലാമണ്ഡലം വേണുമോഹനനും (ചെണ്ട), കലാമണ്ഡലം ശ്രീജിത്തും (മദ്ദളം), വിദ്യാര്‍ത്ഥി ശ്രീരാഗും (താളം) മേളസഹായമൊരുക്കി. ക്ഷമാ രാജ അരങ്ങില്‍ ചൊല്ലിയാടി. കലാമണ്ഡലം കൃഷ്ണന്കുട്ടിപ്പൊതുവാള് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഭീഷ്മപ്രതിജ്ഞ’ കഥകളിയും അരങ്ങേറി. കലാമണ്ഡലം പ്രദീപ് കുമാര്‍ ശന്തനുവായും, വെള്ളിനേഴി ഹരിദാസന് സത്യവതിയായും, കലാമണ്ഡലം നീരജ് ദാശരാജനായും, കലാമണ്ഡലം ആദിത്യന് ഗംഗാദത്തനായും വേഷമിട്ടു. പാലനാട് ദിവാകരന്, പനയൂര്‍ നാരായണന് എന്നിവര്‍ പാട്ടിലും, കലാമണ്ഡലം നന്ദകുമാര്‍ ചെണ്ടയിലും, കലാമണ്ഡലം ശ്രീജിത്ത് മദ്ദളത്തിലും പശ്ചാത്തലമൊരുക്കി. കലാമണ്ഡലം ശ്രീജിത്ത് ചുട്ടി കുത്തി. ഇരിങ്ങാലക്കുട ശ്രീപാര്‍വ്വതി കലാകേന്ദ്രം ചമയമൊരുക്കി. കലാമണ്ഡലം മനേഷ്, കലാമണ്ഡലം അനൂപ്, സജയന് എന്നിവര്‍ അണിയറസഹായികളായി.