ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വലിയ മാറ്റങ്ങള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ദൃശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. നടവരമ്പ് മോഡല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്ത് നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള പുതിയ അറിവുകള്‍ കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, പ്രധാന അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.