ശാസ്ത്രലോകത്തിനു കൗതുകമായി പശ്ചിമഘട്ടത്തില്‍നിന്നും സ്വാമിനാഥനും ബെഞ്ചമിനും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗത്തിലെ ഗവേഷകര്‍ പശ്ചിമഘട്ടത്തില്‍നിന്നും പുതിയഇനം ചിലന്തികളെ കണ്ടെത്തി. തെക്കന്‍ പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളില്‍ നടത്തിയ പഠനത്തിലാണ് രണ്ട് പുതിയ ഇനം ചാട്ടചിലന്തികളെ കണ്ടെത്തിയത്. ഹാബ്രോസെസ്റ്റം ജനുസില്‍പെടുന്ന ഇവയ്ക്ക് ഹാബ്രോസെസ്റ്റം സ്വാമിനാഥന്, ഹാബ്രോസെസ്റ്റം ബെഞ്ചമിന്‍ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയ ഹാബ്രോസെസ്റ്റം സ്വാമിനാഥന് എന്ന ചാട്ടചിലന്തി ഇനത്തിനെ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ തീരങ്ങളില്‍ നിന്നുമാണ് ഗവേഷകര്‍ കണ്ടുപിടിച്ചത്.
ഈ പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ചിലന്തികളായി ഇവയെ കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള സൈലന്റ് വാലിയുടെ സംരക്ഷണത്തിനായി യശ്ശശരീരനായ ഡോ. എം.എസ്. സ്വാമിനാഥന്റെ സംഭാവനകളെ ബഹുമാനിച്ചു അദ്ദേഹത്തിന്റെ വിയോഗ വര്‍ഷത്തില്‍ കണ്ടെത്തിയ ഇവയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു. ഈ ചിലന്തിയുടെ ഇരുണ്ട നിറത്തിലുള്ള ശിരസിന്റെ മുകള്‍ഭാഗത്തായി തവിട്ടു നിറത്തിലുള്ള രോമങ്ങളും വശങ്ങളിലായി വെളുത്ത അടയാളങ്ങളുമുണ്ട്.
തവിട്ടു നിറത്തിലുള്ള ഉദരത്തില്‍ വെളുത്ത നീണ്ട രോമങ്ങളും കാണാം. തുഷാരഗിരി പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഹാബ്രോസെസ്റ്റം ബെഞ്ചമിന്‍ എന്ന ഇനം ചാട്ടചിലന്തികള് ചെങ്കല്‍ ചുവപ്പു നിറത്തോടുകൂടിയ സുന്ദര ചിലന്തികളാണ്. തുഷാരഗിരി വെള്ളുച്ചാടടത്തിന്റെ ഓരങ്ങളിലെ കരിയിലകള്‍ക്കിടയില്‍ നിന്നുമാണ് ഗവേഷകര്‍ ഇവയെ കണ്ടെത്തിയത്. ദക്ഷിണ ഏഷ്യയിലെ ചിലന്തി വര്‍ഗങ്ങളെ കുറിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിപ്പോരുന്ന ശ്രീലങ്കന്‍ ചിലന്തിശാസ്ത്രജ്ഞന് ഡോ. സുരേഷ് പി. ബെഞ്ചമിന്റെ പേരാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. ഹാബ്രോസെസ്റ്റം ജനുസില്‍പ്പെട്ട ചിലന്തികള്‍ പൊതുവേ ഈര്‍പ്പമേറിയ കരിയിലകള്‍ക്കിടയില്‍ കണ്ടുവരുന്നവയാണ്. ലോകത്ത് ഇതുവരെ ഈ ഇനത്തില്‍പ്പെട്ട 55 തരം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ തന്നെ നാലെണ്ണം പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്.
ഈര്‍പ്പമുള്ള കരിയിലകള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ പക്ഷെ കൂടുകൂട്ടുന്നത് ഉയരം കുറഞ്ഞ ചെടികളുടെ പച്ചയിലകളിലാണ്. ഇവയുടെ ആവാസവ്യവസ്ഥയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലം ഇത്തരം ചിലന്തികളുടെ നാശത്തിന് കാരണമാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിദ്ധ്യഗവേഷണകേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ ക്രൈസ്റ്റ് കോളജിലെ ഗവേഷകയായ ആതിര ജോസ്, ചെന്നൈ സവിത മെഡിക്കല്‍ കോളേജിലെ ഗവേഷകന് ഡോ. ടി.ഡി. ജോണ്‍ കാലേബ് എന്നിവര്‍ പങ്കാളികളായി.
ഈ കണ്ടെത്തലുകള്‍ ന്യൂസിലന്‍ഡില്‍നിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രമാസികയായ സൂടാക്സയുടെ അവസാനലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശിയ ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും (ഡിഎസ്ടി) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും (യുജിസി) സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങള്‍ നടത്തിയത്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സമ്പന്നതയും ജൈവവൈവിധ്യത്തെയും ലോക പാരിസ്ഥിതിക ഭൂപടത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഈ കണ്ടെത്തലിനു കഴിയുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.