സാമ്പത്തിക പ്രതിസന്ധി; കരാറുകാരന് ഫണ്ട് ലഭിച്ചില്ല; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തളിയക്കോണം സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു
ഇരിങ്ങാലക്കുട: ഫണ്ട് പ്രശ്നത്തെ ചൊല്ലി തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ വാര്‍ഡ് 39 ല്‍ ആരംഭിച്ച തളിയക്കോണം സ്റ്റേഡിയം നവീകരണ പ്രവ്യത്തികള്‍ സ്തംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കായികവികസനമെന്ന ലക്ഷ്യത്തോടെ 2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് ഇതിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ആറ് മാസത്തെ നിര്‍മ്മാണ കാലാവധി പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഉദ്ഘാടനം. പ്രഫ കെ.യു. അരുണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 75 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്. ഫുട്ബോള്‍ ഉള്‍പ്പടെയുള്ള കളികള്‍ക്കായി മഡ് കോര്‍ട്ട് നിര്‍മ്മാണം, മൈതാനം നിരപ്പാക്കല്‍, സംരക്ഷണ ഭിത്തി നിര്‍മ്മാണം, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
കോഴിക്കോട് സ്വദേശിയായ മനീഷാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്നത്. അമ്പത് ശതമാനം പണികളും പൂര്‍ത്തിയാക്കി 35 ലക്ഷം രൂപയുടെ ബില്‍ കരാറുകാരന് സമര്‍പ്പിച്ചിട്ട് ആറ് മാസങ്ങളായി. ഫണ്ട് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. രണ്ടേക്കര്‍ ആറു സെന്റില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റര്‍ ഉയരത്തിലും അരികുവശത്തും സംരക്ഷണഭിത്തി നിര്‍മാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്ന തരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കല്‍ എന്നിവയാണ് ഒരുകോടി രൂപ ചെലവഴിച്ച് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
നവീകരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ പിറകുവശത്തുനിന്നു മണ്ണെടുത്ത് സ്റ്റേഡിയത്തിലിട്ട് സംരക്ഷണഭിത്തിയുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ടെന്നല്ലാതെ മറ്റ് വികസനപ്രവൃത്തികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഫണ്ട് ലഭിക്കാത്തതാണ് സ്റ്റേഡിയം വികസനപ്രവര്‍ത്തനങ്ങള്‍ നിന്നുപോകാന്‍ കാരണമെന്ന് ഡിവിഷന് കൗണ്‍സിലര്‍ ഷാജുട്ടന്‍ പറഞ്ഞു. ഏകദേശം ഒന്നരവര്‍ഷത്തോളമായി സ്റ്റേഡിയം ഇതുപോലെ ഇട്ടിട്ട്. ഇതുമൂലം പ്രദേശത്തെ യുവജനങ്ങളുടെ കായികപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്ഥലം എംഎല്‍എയുടെ അലംഭാവമാണ് ഇതുവരെയായിട്ടും നവീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന് കാരണം. എത്രയും പെട്ടെന്ന് ഫണ്ട് ലഭ്യമാക്കി സ്റ്റേഡിയം വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വലിയ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഷാജുട്ടന്‍ പറഞ്ഞു.