ദര്‍ശന പുണ്യം തേടി ആയിരങ്ങള്‍; നാലമ്പല ദര്‍ശനത്തിനു തുടക്കം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലും അരിപ്പാലം പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും കര്‍ക്കിടക മാസാചരണത്തിനും നാലമ്പലദര്ശനത്തിനും ആദ്യദിനത്തില്‍ തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തജനങ്ങള്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് ഈ രണ്ട് ക്ഷേത്രങ്ങളിലും സജ്ജീകരിച്ചീട്ടുള്ളത്. സംഗമേശ്വര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മഴയും വെയിലുംകൊള്ളാതെ ക്യൂവില്‍ നിന്ന് ദര്‍ശനം നടത്തുന്നതിനും വഴിപാടുകള്‍ രസീതാക്കുന്നതിനും നിവേദ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം നീളുന്ന തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭരതക്ഷേത്രമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തില്‍ ദര്‍ശനത്തിനുള്ള ക്യൂ സംവിധാനത്തില്‍ ആദ്യമായി ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര നട അടയ്ക്കുന്ന സമയം നീണ്ട ക്യൂവാണ് പലപ്പോഴും അനുഭവപ്പെടുക. തീര്‍ത്ഥാടനത്തിന് എത്തുന്നതില്‍ അധികവും പ്രായമേറിയവരാണ്. പതിവുള്ള വരികളുടെ ഒരു വശത്ത് ബെഞ്ച് പോലെ നിര്‍മ്മിച്ചാണ് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയത്. പതിവില്‍ നിന്നും വിപരീതമായി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയുടെ മുന്‍വശം റോഡ് വരെ പൂര്‍ണമായും പന്തല്‍ കെട്ടിയിട്ടുണ്ട്.
ക്ഷേത്രം മതില്‍ക്കെട്ടിന് പുറത്തേക്ക് വരിനീണ്ടാലും ഇവിടെ ഭക്തജനങ്ങള്‍ക്ക് നില്‍ക്കാനുള്ള സൗകര്യം ഇപ്പോള്‍ കൂടിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ പന്തലുകളില്‍ എല്ലാം ഫാന്സൗകര്യങ്ങളുണ്ട്. പാര്‍ക്കിങ്ങിനു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി സിസിടിവി സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. നാലമ്പലദര്‍ശനത്തിന്റെ ഏറ്റവും അവസാനം ഭക്തജനങ്ങള്‍ എത്തുന്ന പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അയ്യായിരം പേര്‍ക്ക് മഴ കൊള്ളാതെ ക്യൂ നില്‍ക്കാനുള്ള സൗകര്യത്തിനായി പന്തല്‍ തയാറാക്കിയിട്ടുണ്ട്. പന്തലില്‍ ഒട്ടേറെ ഫാനുകള്‍ ഘടിപ്പിച്ചീട്ടുണ്ട്.