കോടംകുളം പുളിക്കലച്ചിറ പാലം; പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി
പായമ്മല്‍: പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോടംകുളം പുളിക്കലച്ചിറ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് ഭരണാനുമതി. 1.62 കോടിയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിലവിലുള്ള പാലം പൊളിച്ചുനീക്കുമ്പോള്‍ ഇതുവഴിയുള്ള യാത്രാക്ലേശം ഒഴിവാക്കാന്‍ താത്കാലികമായി റോഡ് നിര്‍മിക്കുന്നതിന് തീരുമാനിച്ചിരുന്നു.
ഇതിനായി പൊതുമരാമത്തുവകുപ്പ് സമര്‍പ്പിച്ച പദ്ധതിയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും നാലമ്പല തീര്‍ഥാടനം കഴിഞ്ഞ ശേഷമേ ജോലി ആരംഭിക്കൂ. പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ ഭക്തരുടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്.
പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനു കുറുകെയാണ് പാലം. മുന്‍പ് രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാറുകാര്‍ പങ്കെടുത്തിരുന്നില്ല.
സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തതോടെ നാലമ്പലതീര്‍ഥാടനം അവസാനിക്കുമ്പോള്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്തുവകുപ്പ്.