തദ്ദേശ തെരഞ്ഞെടുപ്പ് കൂട്ടിയും കിഴിച്ചും മുന്നണികള്‍: അങ്കത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി
ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു അരയും തലയും മുറുക്കിയുള്ള ഒരുക്കത്തിലാണു മുന്നണികള്‍. വികസനവാദങ്ങളുമായി ഭരണപക്ഷവും പാളിച്ചകളുടെ കണക്കുകളുമായി എതിര്‍പക്ഷവും നിരത്തുമ്പോള്‍ തെരഞ്ഞെടുപ്പുകളും പുത്തനുണര്വിലാകും. രാഷ്ട്രീയത്തോടൊപ്പം പ്രാദേശിക വികസനപ്രശ്നങ്ങളും നിഴലിക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ എല്ലാവരും വളരെ കരുതലോടെയാണ്. പൂര്‍ത്തിയായവയുടെ ഉദ്ഘാടനത്തിനു ഇനിയും ബാക്കിയുള്ളവയുടെ പൂര്‍ത്തീകരണത്തിനുമുള്ള തത്രപ്പാടിലാണു ഭരണപക്ഷം. തദ്ദേശവും നിയസഭയും തെരഞ്ഞെടുപ്പുകള്‍ അടുത്തിടെ നടക്കുമെന്നതിനാല്‍ ഈ രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കുമായി അടവും തന്ത്രവും പയറ്റുകയാണു മുന്നണികള്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളുടെ ബലത്തിലാണു മൂന്നു മുന്നണികളുടെയും കണക്കു കൂട്ടല്‍. യുഡിഎഫും ബിജെപിയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബലത്തില്‍ കൂട്ടുമ്പോള്‍ എല്‍ഡിഎഫ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ബലത്തിലാണു കണക്കുകൂട്ടല്‍. വിജയം ആത്മധൈര്യം നല്കുമെന്നതിനാലാണു വിജയിച്ച തെരഞ്ഞെടുപ്പുകളുടെ അടിത്തറയില്‍ മുന്നണികള്‍ കണക്കുകൂട്ടി തുടങ്ങുന്നത്.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന്റേതു ശക്തമായ വരവായിരുന്നു. ഏഴു പഞ്ചായത്തുകളും എല്‍ഡിഎഫ് തൂത്തുവാരി. മുമ്പു യുഡിഎഫ് ഭരിച്ചിരുന്ന മൂന്നു പഞ്ചായത്തുകളും എല്‍ഡിഎഫ് തരംഗത്തില്‍ കൈവിട്ടുപോയി. നിയോജകമണ്ഡലത്തിലെ പൂമംഗലം, വേളൂക്കര, ആളൂര്‍ തുടങ്ങിയ പഞ്ചായത്തുകളായിരുന്നു യുഡിഎഫ് ഭരിച്ചിരുന്നത്. ഇതു കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.
പൂമംഗലം പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ഒമ്പതെണ്ണം നേടിയപ്പോള്‍ യുഡിഎഫിന് നാലെണ്ണം മാത്രമാണു നേടാനായത്. വേളൂക്കര പഞ്ചായത്തില്‍ 18 വാര്‍ഡില്‍ എല്‍ഡിഎഫ് പത്തും യുഡിഎഫ് ഏഴും സ്വതന്ത്രന് ഒന്നും സീറ്റുകള്‍ നേടി. ആളൂര്‍ പഞ്ചായത്തില്‍ 23 വാര്‍ഡില്‍ 17 വാര്‍ഡില്‍ എല്‍ഡിഎഫും നാലു വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപിയും മറ്റൊരു സീറ്റില്‍ വിമത സ്ഥാനാര്‍ഥിയും വിജയിച്ചു. കാട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് ആറും സീറ്റു നേടി. കാറളം പഞ്ചായത്തിലെ 14 വാര്‍ഡില്‍ എല്‍ഡിഎഫ് പത്തും യുഡിഎഫ് രണ്ടും ബിജെപി രണ്ടും സീറ്റു നേടി. മുരിയാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഒമ്പതും യുഡിഎഫ് ഏഴും ബിജെപി ഒരു സീറ്റും നേടി. പടിയൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡില്‍ എല്‍ഡിഎഫ് എട്ടും യുഡിഎഫ് നാലും ബിജെപി രണ്ടും സീറ്റു നേടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മിക്ക പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നത് ശ്രദ്ധേയമായി.
മുരിയാട്, കാറളം, പടിയൂര്‍, ആളൂര്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ബിജെപി തങ്ങളുടെ സാന്നിധ്യം അറിയിച്ചു. പൂമംഗലത്ത് ഒരു വാര്‍ഡില്‍ ഒരു വോട്ടിനാണു ബിജെപി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. നഗരസഭയില്‍ തുല്യനിലയില്‍ എത്തുകയും ചെയ്തു. എല്‍ഡിഎഫ് അംഗത്തിന്റെ കൈപിഴയില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫിനു നഗരസഭയില്‍ ഭരണം ലഭിച്ചത്. നഗരസഭയില്‍ 19 സീറ്റുകള്‍ നേടി ഇടതുപക്ഷവും യുഡിഎഫും ഒപ്പത്തിനൊപ്പവുമായി. 2010 ലെ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകളായിരുന്നു യുഡിഎഫിനു ലഭിച്ചത്. കഴിഞ്ഞ തവണ നഗരസഭയില്‍ ലഭിച്ചതു വെറും 19 സീറ്റ് മാത്രം. ഒമ്പതു സീറ്റ് മാത്രമുണ്ടായിരുന്നു എല്‍ഡിഎഫിനു 19 സീറ്റുമായി തകര്‍പ്പന്‍ ജയം. രണ്ടു സീറ്റുകളുണ്ടായിരുന്ന ബിജെപി മൂന്നു സീറ്റ് നേടി നിലമെച്ചപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ 13 ല്‍ 11 സീറ്റും വെള്ളാങ്കല്ലൂരില്‍ ഒമ്പത് സീറ്റും നേടി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു വരുമ്പോള്‍ വ്യക്തി സ്വാധീനം വലിയ ഘടകമാണ്. എല്ലാ പാര്‍ട്ടികളും തിരക്കിട്ടു ജോലി തുടങ്ങിക്കഴിഞ്ഞു.
ആകെ പഞ്ചായത്തുകള്‍ ഏഴ്, അംഗങ്ങള്‍ 114
കക്ഷിനില (എല്‍ഡിഎഫ്-71, യുഡിഎഫ്-34, ബിജെപി-6, സ്വതന്ത്രര്‍-3)
നഗരസഭ (യുഡിഎഫ്-19, എല്‍ഡിഎഫ്-19, ബിജെപി-3)
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്-13 (എല്‍ഡിഎഫ്-11, യുഡിഎഫ്-2)
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്-13 (എല്‍ഡിഎഫ്-9, യുഡിഎഫ്-4)