കാട്ടൂരിൽ അങ്കത്തട്ട് ഉണർന്നു…. മുന്നണികൾ തമ്മിലുള്ള പോരാട്ടത്തിനു ഇത്തവണ വീറും വാശിയും കൂടും
ഇരിങ്ങാലക്കുട: കാട്ടൂരിൽ അങ്കത്തട്ട് ഉണർന്നു. യുഡിഎഫും എൽഡിഎഫും എൻഡിഎയും നേരിട്ടുള്ള പോരാട്ടത്തിനു ഇത്തവണ വീറും വാശിയും കൂടും. പഞ്ചായത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ തവണ കോൺഗ്രസിനായിരുന്നു ഭരണമെങ്കിലും പല ഘട്ടങ്ങളിലും ഇരുമുന്നണികളും മാറി മാറി ഭരണം നേടിയിട്ടുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാലു തവണയായി ഭരണം നടത്തുന്ന ഇടതുമുന്നണിക്കു ഇക്കുറി തിരിച്ചടിയേൽക്കുമെന്നു വിലയിരുത്തുന്നവർ കുറവല്ല. കനോലി കനാലിന്റെ തീരത്തെ പഞ്ചായത്ത് പിടിക്കാൻ മുന്നണികൾ തലയും അരയും മുറുക്കി രംഗത്തുണ്ട്. പുരാതനമായ കാട്ടൂർ അങ്ങാടി ഉൾപ്പെടുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുടെ വികസനമാണു തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. കാർഷിക മേഖല കൂടിയാണു 1952 ൽ രൂപീകൃതമായ പഞ്ചായത്ത്. കഴിഞ്ഞ 15 വർഷം തുടർച്ചയായി പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഇതുവരെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണു ജനങ്ങളെ സമീപിക്കുന്നത്. എന്നാൽ പതിറ്റാണ്ടുകളായിട്ടും നടപ്പിലാകാത്ത പദ്ധതികളും ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി വികസന മുരടിപ്പ് പ്രധാന വിഷയമാക്കിയാണു യുഡിഎഫ് രംഗത്തുള്ളത്. ഇരുമുന്നണികളെയും എതിർത്ത് എൻഡിഎയും ശക്തമായി മത്സര രംഗത്തുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്വാധീനമുള്ള യുഡിഎഫ് ഇത്തവണ മുമ്പെങ്ങുമില്ലാത്ത കെട്ടുറപ്പോടെയാണു തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ വിജയം ഉറപ്പ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ നിന്നും യുഡിഎഫിനു ലഭിക്കുന്ന ഭൂരിപക്ഷം ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലഭിച്ചാൽ അനായാസ വിജയം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ് നേതൃത്വം. ഭരണനേട്ടങ്ങൾ ചൂണ്ടികാട്ടി ജനങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തി പഞ്ചായത്തിൽ ഭരണം നിലനിർത്താമെന്നാണു ഇടതുമുന്നണി കരുതുന്നത്. കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മുഴുവൻ വാർഡുകളിലും പൈപ്പ് ലൈൻ വലിക്കുന്നതിനു സാധിച്ചിട്ടുണ്ട്. 37,36,500 രൂപയുടെ പ്രവർത്തനങ്ങൾക്കു ഭരണാനുമതി നല്കുകയും പൈപ്പ് ലൈൻ വലിക്കുന്നതിനു കേരള വാട്ടർ അഥോറിറ്റിയുമായി കരാറിലേർപ്പെടുകയും പൈപ്പ് വലിക്കുന്ന പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലുമാണ്. എല്ലാ വാർഡുകളിലെയും റോഡുകളിൽ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനു ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. കാട്ടൂർ ബസാറിൽ വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് വാങ്ങിയ 35 സെന്റ് സ്ഥലത്ത് മാർക്കറ്റിന്റെ ആദ്യഘട്ടം നിർമാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ട തുകയായ 50 ലക്ഷത്തിന്റെ ഭരണാനുമതിയും സാങ്കേതികാനുമതിയും പൂർത്തീകരിക്കുന്നതിനും ടെണ്ടർ നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനും സാധിച്ചു. വികസന മുരടിപ്പാണ് പഞ്ചായത്തിൽ ഉണ്ടായതെന്നു യുഡിഎഫ് ആരോപിക്കുന്നു. 15 വർഷം തുടർച്ചയായി എൽഡിഎഫ് ഭരിച്ചിട്ടും ഗ്രാമീണ മാർക്കറ്റ് പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, തനതു വരുമാനം ഇല്ലാത്ത പഞ്ചായത്തിനു വരുമാനം വർധിപ്പിക്കാൻ കഴിയുന്ന ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല, യുഡിഎഫ് ഭരണസമിതി ആരംഭിച്ച വ്യവസായ കേന്ദ്രം, പട്ടികജാതി തൊഴിൽ പരിശീലന കേന്ദ്രം എന്നിവ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ലെന്നും യുഡിഎഫ് ആരോപിക്കുന്നു. ഇടത്, വലത് മുന്നണികൾ ഭരിച്ച പഞ്ചായത്തിൽ വികസന മുരടിപ്പാണെന്നു ബിജെപി ആരോപിക്കുന്നു. സ്വാധീന മേഖയിൽ മികച്ച പ്രകടന്നതിലൂടെ അക്കൗണ്ട് തുറക്കാനാണു ബിജെപിയുടെ ശ്രമം. കോൺഗ്രസിനുള്ള സ്വാധീനവും പഞ്ചായത്തിൽ ഇടതുപക്ഷത്തിനെതിരെയുള്ള ജനവികാരവും വോട്ടാക്കി മാറ്റിയാൽ ഭരണത്തിലെത്താമെന്നാണു യുഡിഎഫിന്റെ വിലയിരുത്തൽ. ഭരണം തിരിച്ചു പിടിക്കാനായി യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും കരുത്തു തെളിയിക്കുവാൻ ബിജെപിയും സജീവമായി രംഗത്തിറങ്ങിയതോടെ കാട്ടൂരിന്റെ രാഷ്ട്രീയ അങ്കത്തട്ടിൽ ഇത്തവണ വീറും വാശിയും കൂടുമെന്നാണു പ്രതീക്ഷിക്കുന്നത്. 14 വാർഡുകളിലായി കഴിഞ്ഞ തവണ എട്ടു വാർഡുകളിൽ എൽഡിഎഫും ആറു വാർഡുകളിൽ യുഡിഎഫും വിജയിച്ചിരുന്നു.