പറപ്പൂക്കര ഡിവിഷന്-തുടര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ്, പിടിച്ചെടുക്കാന്‍ യുഡിഎഫ്, പ്രതീക്ഷയുമായി ബിജെപി
ഇരിങ്ങാലക്കുട: 48 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പറപ്പൂക്കര ഡിവിഷന്. പറപ്പൂക്കര, മുരിയാട് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും വേളൂക്കര ഗ്രാമപഞ്ചായത്തിലെ കല്ലംകുന്ന് ബ്ലോക്ക് ഡിവിഷനും പൂമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുളം ബ്ലോക്ക് ഡിവിഷനും ഉള്‍പ്പെടുന്നതാണു പറപ്പൂക്കര ജില്ലാ പഞ്ചായത്ത് ഡിവിഷന്. എല്‍ഡിഎഫ് പ്രതിനിധിയായ ടി.ജി. ശങ്കരനാരായണനാണു കഴിഞ്ഞതവണ വിജയിച്ചത്. മുരിയാട് പഞ്ചായത്തില്‍ 2005-10 വരെ പഞ്ചായത്ത് പ്രസിഡന്റും 2010-15 വര്‍ഷത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ലത ചന്ദ്രനാണ് ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ഥി. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ്. തൃശൂര്‍ ജില്ലാ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് ജില്ല ട്രഷറര്‍, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡൈനി സാജു പാറേക്കാടനാണു മത്സരിക്കുന്നത്. ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും മുന്‍ കളമശേരി അപ്പോളോ ടയേഴ്സ് വര്‍ക്കേഴ്സ് യൂണിയന് സെക്രട്ടറിയുമായ സാജു പാറേക്കാടന്റെ ഭാര്യയാണ്. 2010-15 കാലഘട്ടത്തില്‍ പുല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പ് വേളകളില്‍ എല്ലാ തവണയും ഒപ്പനയുടെ ഇശലുകളും ഈണങ്ങളും തിരുവാതിരക്കളിയുടെ ലാസ്യനടനങ്ങളും മാര്‍ഗംകളിയുടെ ചുവടുകളുമായി തെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കാനെത്താറുള്ള സ്കൂള്‍-കോളജ് വിദ്യാര്‍ഥിനികളുടെ ‘നീലപ്പറവകള്‍’ എന്ന കലാസംഘത്തിന്റെയും പിന്നീട് സംസ്കൃതിയുടെ ‘വാനമ്പാടികള്‍’ എന്ന സംഘത്തിന്റെയും അമരക്കാരിയായിരുന്നു. സിനി രാജേഷാണ് ബിജെപി സ്ഥാനാര്‍ഥി. കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രവര്‍ത്തക സമിതി അംഗവും ആനന്ദപുരം സനാതന ധര്‍മ പാഠശാല പ്രധാനഅധ്യാപികയുമാണ്. 21 വര്‍ഷമായി ബിജെപി അംഗമാണ്. ആനന്ദപുരം തോണിയില്‍ വീട്ടില്‍ ടി.ആര്. രാജേഷിന്റെ ഭാര്യയാണ്. ഭര്‍ത്താവ് ടി.ആര്. രാജേഷ് ഇരിങ്ങാലക്കുട കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗവും മുന്‍ ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാണ്.