ഭാര്യക്കു വേണ്ടിയുള്ള പ്രചരണത്തിലാണ് അരക്കു താഴെ തളര്‍ന്ന മണിക്കുട്ടന്
വേളൂക്കര: സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഭാര്യയുടെ ചിത്രം വരക്കുന്ന തിരക്കിലാണു കൊറ്റനെല്ലൂര്‍ നെല്ലിക്കപ്പറമ്പില്‍ മണിക്കുട്ടന്. മണിക്കുട്ടന്റെ ഭാര്യ രതി വേളൂക്കര പഞ്ചായത്തിലെ വാര്‍ഡ് 16 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. 22 വര്‍ഷം മുമ്പു തെങ്ങില്‍ നിന്നു വീണു നട്ടെല്ലിനു പരിക്കേറ്റതോടെ മണിക്കുട്ടന്റെ അരയ്ക്കു താഴെ തളര്‍ന്നു. 12 വര്‍ഷം മുമ്പാണു രതിയെ വിവാഹം കഴിക്കുന്നത്. മുമ്പു ചിത്രം വരയ്ക്കുമായിരുന്നെങ്കിലും കിടപ്പായതോടെയാണു വരയില്‍ സജീവമായത്. ആളുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ചിത്രങ്ങള്‍ വരച്ചു നല്‍കാറുണ്ട്. ഭാര്യക്കുവേണ്ടി പ്രചരണത്തില്‍ മാത്രമല്ല, തന്നാലാവുന്നവിധം തുണികള്‍ തയ്ച്ചുകൊടുക്കാനും പിന്തുണയായും ഈ ഭര്‍ത്താവ് ഒപ്പമുണ്ട്. സ്ഥാനാര്‍ഥി രതി വിശ്രമിമില്ലാത്ത ഓട്ടത്തിലാണ് എപ്പോഴും. രാവിലെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത ശേഷം നേരെ സ്വന്തം തയ്യല്‍ കടയിലേക്ക്, ഇടയ്ക്കു രണ്ടോ മൂന്നോ മണിക്കൂര്‍ തൊട്ടടുത്ത ബേക്കറിയില്‍ റസ്ക് നിര്‍മാണ ജോലി, അതിനിടയില്‍ കിട്ടുന്ന കുറച്ചു നേരം സാമൂഹിക പ്രവര്‍ത്തനവും, തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനവും. തിരക്കുകള്‍ ജീവിതത്തിന്റെ സന്തോഷം വര്‍ധിപ്പിക്കുന്ന പക്ഷക്കാരിയാണു രതി മണിക്കുട്ടന്. ഇടമലയാര്‍ വലതുകര കനാല്‍ ജലം തൊമ്മാന വഴി അവിട്ടത്തൂരിലൂടെ കൊറ്റനല്ലൂര്‍ എത്തിച്ച് തന്റെ നാടിനെ ജലസമൃദ്ധമാക്കണമെന്നാണു രതി മണിക്കുട്ടന്റെ ആഗ്രഹം. തെരഞ്ഞെടുപ്പ് ചട്ടങ്ങളും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുമാണു പ്രചരണം. മികച്ച ആര്‍ട്ടിസ്റ്റായ മണിക്കുട്ടന് തെരഞ്ഞെടുപ്പില്‍ തന്റെ പ്രിയതമയുടെ വിജയത്തിനു വേണ്ടി പോസ്റ്ററുകള്‍ തുണിയില്‍ വരച്ച് തയാറാക്കുകയാണ്. ജീവിതം തന്നെ സേവനമാക്കിയ തന്റെ ഭാര്യയേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയെ വേളൂക്കര പഞ്ചായത്തിലെ വാര്‍ഡ് 16 കൊറ്റനല്ലൂരിനു ലഭിയ്ക്കാനില്ല എന്ന അഭിപ്രായക്കാരനാണു മണിക്കുട്ടന്.