വെള്ളാങ്കല്ലൂർ പഞ്ചായത്ത്-വികസന നേട്ടങ്ങൾ നിരത്തി ഇടതുമുന്നണി, മുരടിപ്പ് ഉയർത്തികാട്ടി കോൺഗ്രസും ബിജെപിയും
കോണത്തുക്കുന്ന്: ശക്തമായ പോരാട്ടത്തിലൂടെ വെള്ളാങ്കല്ലൂർ പഞ്ചായത്ത് ഭരണം പിടിക്കാൻ മുന്നണികളും രംഗത്ത്. വ്യവസായിക കാർഷിക മേഖലകൾക്കു ഊന്നൽ നൽകുന്ന പഞ്ചായത്താണു വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത്. നെൽകൃഷിക്കും, കരകൃഷിക്കും ഒരുപോലെ ഊന്നൽ നൽകുന്ന പഞ്ചായത്തിൽ 21 വാർഡുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13 സീറ്റിൽ എൽഡിഎഫും ഏഴു യുഡിഎഫും ഒരു സീറ്റിൽ ബിജെപിയുമാണു ജയിച്ചത്. വരുമാനം കുറഞ്ഞ പഞ്ചായത്തുകളിലൊന്നാണു വെള്ളാങ്കല്ലൂർ. ഇതു കാരണം തനതു ഫണ്ട് കുറവാണ്. ശുദ്ധജല ക്ഷാമവും റോഡുകളുടെ തകർച്ചയും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ട്, അടിസ്ഥാന സൗകര്യമില്ലായ്മ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എന്നാൽ നേട്ടങ്ങൾ നിരത്തി തുടർ ഭരണം നേടാനാണു ഇടതുമുന്നണിയുടെ നീക്കം. എന്നാൽ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി ഭരണം തിരിച്ചു പിടിക്കാനാണു യുഡിഎഫ് ശ്രമം. കഴിഞ്ഞ തവണ ഒരംഗത്തിനു മാത്രം വിജയിക്കുവാൻ കഴിഞ്ഞ ബിജെപിക്കു ഇത്തവണ കൂടുതൽ സീറ്റുകൾ നേടാനാണു ശ്രമം. ആധുനിക രീതിയിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമാണം, ഭവനരഹിതർക്കു ലൈഫ് പദ്ധതിയിലൂടെ വീടുകൾ നൽകുന്നത്. തൊഴിലുറപ്പു പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനം, മത്സ്യകൃഷിക്കു സൗകര്യം ഒരുക്കി, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലയിൽ വൻ കുതിപ്പ് എന്നിവയെല്ലാം ഇടതു ഭരണത്തിന്റെ നേട്ടങ്ങളായാണു ചൂണ്ടികാട്ടുന്നത്. ഇടതു ഭരണത്തിലെ പോരായ്മകൾ ചൂണ്ടികാട്ടിയാണു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള ജലനിധി പദ്ധതി കാര്യക്ഷമമല്ലാത്തത്, ഭവനരഹിതർക്ക് വീട് ലഭിക്കാത്തത്, ആരോഗ്യമേഖലയിലും കാർഷിക മേഖലയിലും മെല്ലെപ്പോക്ക്, പുതിയ പദ്ധതികൾ രൂപകല്പന ചെയ്തില്ല ഇതെല്ലാം ഭരണത്തിന്റെ വീഴ്ചകളായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഭവന പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല വീട് നല്കിയവരുടെ കണക്കുകൾ മറച്ചുവയ്ക്കുകയാണ്. എൽഡിഎഫ് ഭരണസമിതി കർഷകരെ ചതിച്ചു. ഇക്കോ ഷോപ്പ് ആരംഭിച്ച ഉടൻ പൂട്ടി. മാലിന്യ സംസ്കരണ കാര്യത്തിൽ പിറകിലായെന്നും യുഡിഎഫ് പറയുന്നു. ലക്ഷകണക്കിനു പണം മുടക്കി നിർമിച്ച ആധുനിക അറവുശാല പ്രവർത്തിക്കാൻ കഴിയാതെ നശിച്ചതു ഇരുമുന്നണികളുടെയും ധൂർത്തും കെടുകാര്യസ്ഥതയുമായി ബിജെപി ആരോപിക്കുന്നു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി ആരംഭിച്ചിരിക്കുന്ന കുടിവെള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുക. തരിശുകിടക്കുന്ന പാടങ്ങളെല്ലാം കൃഷിയോഗ്യമാക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വർഷമായി അടച്ചിട്ടിരിക്കുന്ന ആധുനിക അറവുശാല അടിയന്തിരമായി പ്രവർത്തനക്ഷമമാക്കുക, വെള്ളാങ്കല്ലൂർ, കോണത്തുകുന്ന് ജംഗ്ഷനുകളിലെ ഗതാഗത കുരുക്കുകൾക്കു പരിഹാരം കാണാൻ പിഡബ്ല്യുഡിയുമായി ചേർന്ന് അടിയന്തിര നടപടിയെടുക്കുക. കോണത്തുകുന്ന്, വെള്ളാങ്കല്ലൂർ ജംഗ്ഷനുകളിൽ ടോയ്ലറ്റുകൾ സ്ഥാപിക്കുക തുടങ്ങിയവയാണു പഞ്ചായത്തിന്റെ വികസനത്തിനായി ജനങ്ങളുടെ പ്രധാന ആവശ്യം.