എങ്ങും വികസനം മാത്രം…രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികകളിറങ്ങി
ഇരിങ്ങാലക്കുട: വികസനം വിളിച്ചോതി രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികകളിറങ്ങി. ജനറൽ ആശുപത്രി, മാലിന്യം നിർമാജനം, മാർക്കറ്റ് നവീകരണം, കുടിവെള്ള വിതരണം, തളിയക്കോണം സ്റ്റേഡിയം നവീകരണം തുടങ്ങിയവയെല്ലാം മൂന്നു മുന്നണികളുടെയും പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയിട്ടുള്ളതാണ്. അറവുശാല പുതിയ ഭരണ സമിതി വന്നാലുടൻ തുടങ്ങുമെന്നു ഇടതു വലതു മുന്നണികൾ പറയുമ്പോൾ അറവുശാല ഇപ്പോൾ പ്രവർത്തിക്കുന്ന ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റുമെന്നാണു ബിജെപി പറയുന്നത്.
വികസന യാഥാർഥ്യം- ശുചിത്വം….ആരോഗ്യം….സുരക്ഷിതത്വം- യുഡിഎഫ്
ഇരിങ്ങാലക്കുട കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തും, നഗരസഭയെ പൂർണമായും സൗജന്യ വൈഫൈ സംവിധാനത്തിലാക്കും, നഗരസഭാ മാർക്കറ്റുകൾ നവീകരിച്ച് കൂടുതൽ സൗകര്യപ്രദമാക്കും, പട്ടണത്തിലെ കരുവന്നൂർ, മാപ്രാണം, ഠാണാ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾ പ്രാവർത്തികമാക്കും, മഹാത്മ പാർക്കിൽ ക്ലാസിക്കൽ കലകളുടെയും ചിത്രകലാ പ്രദർശനങ്ങളുക്കുമായി ഒരു സ്ഥിരം വേദി, നഗരസഭാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം പ്രവർത്തനം പുനസ്ഥാപിച്ച് സായാഹ്നങ്ങളിൽ തുറന്ന് പ്രവർത്തനക്ഷമമാക്കും, തളിയക്കോണം സ്റ്റേഡിയം ഗ്യാലറി നിർമിക്കും, പൊറത്തിശേരി പ്രദേശത്ത് വെറ്റിനറി സബ്സെന്റർ സ്ഥാപിക്കും, കണ്ടാരംതറ മൈതാനം നവീകരിക്കും, മാപ്രാണം സെന്ററിൽ ഈവനിംഗ് മാർക്കറ്റ് ആരംഭിക്കും, സമഗ്ര കുടിവെള്ള പദ്ധതി എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിച്ച് പൂർത്തീകരിക്കും, ആധുനിക പൊതുശ്മശാനം നിർമിക്കും.
ജനസൗഹൃദ നഗരസഭ- കൃഷിക്കും വ്യവസായത്തിനും മുൻഗണന- എൽഡിഎഫ്
നഗരസഭയിലെ ഫ്രണ്ട് ഓഫീസ് സംവിധാനം ആധുനിക രീതിയിൽ സുസജ്ജമാക്കും, തരിശായി കിടക്കുന്ന മുഴുവൻ വയലുകളും കൃഷിക്ക് ഉപയുക്തമാക്കി തരിശ് രഹിത നഗരസഭയാക്കി മാറ്റും, ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ രണ്ടുനിലകൂടി പണിത് സൗകര്യങ്ങൾ വർധിപ്പിക്കും, ആശുപത്രിയിലെ ഒപി, കാഷ്വാലിറ്റി, വാർഡുകൾ എന്നിവ ആധുനിക സംവിധാനത്തോടുകൂടി നവീകരിക്കും. ഹൃദയപരിശോധനയുടെ ആധുനിക സംവിധാനമായ കാത്ത്ലാബ്, ഐസിയു, സിടി സ്കാൻ-എംആർഐ സ്കാൻ സൗകര്യങ്ങളോടുകൂടിയ സ്കാനിംഗ് സെന്റർ എന്നിവ സ്ഥാപിക്കും, പൊറത്തിശേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും. ഠാണാ പൂതംകുളം, മാപ്രാണം, കരുവന്നൂർ ബംഗ്ലാവ് എന്നിവിടങ്ങളിൽ പൊതു ടോയ്ലെറ്റുകൾ സ്ഥാപിക്കും, ഹൈജീനിക് മത്സ്യ-മാംസ മാർക്കറ്റ് കോംപ്ലക്സ് യാഥാർഥ്യമാക്കും, കരുവന്നൂർ ബംഗ്ലാവിലും പട്ടണപ്രദേശത്തും ഓപ്പൺ എയർ തിയറ്ററുകൾ സംഘടിപ്പിക്കും, നഗരസഭയിൽ സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കും, സ്വാശ്രയ ഊർജ നഗരസഭയാക്കി മാറ്റും.
അഴിമതിക്കെതിരെ ….. അടിസ്ഥാന വികസനം- ബിജെപി
നഗരസഭയ്ക്ക് സ്വന്തമായ കുടിവെള്ള പദ്ധതി ആരംഭിക്കും, ഓരോ വാർഡിലും കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ആവശ്യമായ പ്രത്യേക പദ്ധതികൾ തയാറാക്കും, ട്രഞ്ചിംഗ് ഗ്രൗണ്ട് അളന്ന് മതിൽക്കെട്ടും. അയ്യങ്കാവ് മൈതാനം ചരിത്ര സ്മാരകമാക്കും, ഫിഷ് മാർക്കറ്റ് നവീകരിക്കും, സബ് ജയിൽ ദേവസ്വത്തിനു തിരിച്ച് നല്കും, പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ആക്കി പുതുക്കി പണിയും, തളിയക്കോണം ബാബുജി സ്മാരക സ്റ്റേഡിയം കേന്ദ്രഫണ്ടുപയോഗിച്ച് ഇൻഡോർ സ്റ്റേഡിയമാക്കും.