ഇരിങ്ങാലക്കുട നഗരസഭയിൽ യുഡിഎഫ് നു ഭൂരിപക്ഷം
യുഡിഎഫ് 17. എൽഡിഎഫ് 16. ബിജെപി 8.
ഇരിങ്ങാലക്കുട: നഗരസഭയിൽ യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 16 വാർഡുകളിലും ബിജെപി എട്ട് വാർഡുകളിലും വിജയിച്ചു. കഴിഞ്ഞ തവണ 19 സീറ്റുകൾ വീതമുണ്ടായിരുന്ന യുഡിഎഫിന് രണ്ട് സീറ്റും എൽഡിഎഫിന് മൂന്നു സീറ്റും നഷ്ടമായി. മൂന്നു സീറ്റുണ്ടായിരുന്ന ബിജെപി എട്ടു സീറ്റായി വർധിപ്പിച്ചു. ബിജെപി കഴിഞ്ഞ തവണ ജയിച്ച മൂന്നു വാർഡുകൾക്കു പുറമേ വിജയിച്ച അഞ്ച് വാർഡുകൾ കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വാർഡുകളാണ്. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച മൂർക്കനാട്, പുത്തൻതോട്, ഗാന്ധിഗ്രാം, സിവിൽ സ്റ്റേഷൻ, ബ്ലോക്ക് ഓഫീസ് വാർഡുകൾ ഇത്തവണ എൽഡിഎഫ് വിജയിച്ചു. കൂടൽമാണിക്യം, കലാനിലയം, നമ്പ്യങ്കാവ് എന്നീ വാർഡുകളാണ് ബിജെപിക്കുണ്ടായിരുന്നതെങ്കിൽ കെഎസ്ആർടിസി, മാപ്രാണം, പൊറത്തിശേരി, കല്ലട, പുറത്താട് എന്നീ വാർഡുകളാണ് ഇത്തവണ എൽഡിഎഫിൽ നിന്നും പിടിച്ചെടുക്കാനായത്. പോലീസ് സ്റ്റേഷൻ, ആസാദ് റോഡ്, ഹോളിക്രോസ് ചർച്ച്, ചേലൂർക്കാവ് എന്നീ വാർഡുകളാണ് ഇത്തവണ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചടുത്തത്. വിമതന്മാർ മൽസരിച്ച ബോയ്സ് ഹൈസ്കൂൾ വാർഡും സിവിൽ സ്റ്റേഷൻ വാർഡും കോൺഗ്രസിനു നഷ്ടമായി. മുൻ ചെയർപേഴ്സൺമാരായ സോണിയ ഗിരി, മേരിക്കുട്ടി ജോയ് എന്നിവർ വിജയിച്ചു. സ്വതന്ത്രയായി മത്സരിച്ച മുൻ ചെയർപേഴ്സൺ ബെൻസി ഡേവിഡ് പരാജയപ്പെട്ടു. ഈ വാർഡിൽ എൽഡിഎഫ് വിജയിച്ചു. മുൻ വൈസ് ചെയർമാൻ ടി.വി. ചാർളി, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെയ്സൺ പാറേക്കാടൻ, എം.ആർ. ഷാജു എന്നിവരാണ് വിജയിച്ച കോൺഗ്രസ് പ്രമുഖർ. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. വിജയ കോളനി വാർഡിൽ നിന്നും അട്ടിമറി വിജയം നേടി. മുൻ വൈസ് ചെയർമാനും ഡിസിസി സെക്രട്ടറിയുമായ ആന്റോ പെരുമ്പുള്ളി പരാജയപ്പെട്ടു. സ്വതന്ത്രനായി മൽസരിച്ച മുൻ വൈസ് ചെയർമാൻ സതീഷ് പുളിയത്ത് പരാജയപ്പെട്ടു. ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു. എൽഡിഎഫിലെ അൽഫോൺസ തോമസ്, അംബിക പള്ളിപുറത്ത്, കോൺഗ്രസിലെ സോണിയ ഗിരി, ബിജെപിയിലെ സന്തോഷ് ബോബൻ എന്നിവർ തുടർച്ചയായി മൂന്നാം വട്ടം വിജയിക്കുന്നവരാണ്.