നഗരസഭ ചെയര്‍പേഴ്സണ്‍ പദവി; ഭരണകക്ഷിയില്‍ പൊട്ടിത്തെറി
കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിക്കെതിരെ ഡിസിസി പ്രസിഡന്റിന് പരാതി നല്കി
ഇരിങ്ങാലക്കുട: നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനം സംബന്ധിച്ച് അടുത്ത അഞ്ചു വര്‍ഷം ഭരണകക്ഷിയായ യുഡിഎഫില്‍ പങ്കിടല്‍ ഉണ്ടാകില്ലെന്നു സൂചന വന്നതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥികളിലൊരാളായ ഡിസിസി സെക്രട്ടറി സോണിയ ഗിരിക്കെതിരെ ഡിസിസിക്ക് ബൂത്ത് കമ്മിറ്റിയാണു പരാതി നല്‍കിയത്. വാര്‍ഡ് 27 ചേലൂര്‍ക്കാവില്‍ മത്സരിച്ചു വിജയിച്ച സോണിയഗിരി 26-ാം വാര്‍ഡില്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് കുടുംബങ്ങളോടും ബിജെപി സ്ഥാനാര്‍ഥിക്കു വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതായി ആരോപിച്ചാണു ഡിസിസിക്ക് പരാതി നല്‍കിയിരിക്കുന്നത്. വാര്‍ഡ് 26 ലെ ബൂത്ത് പ്രസിഡന്റ് എന്‍.എം. രവി ഡിസിസി പ്രസിഡന്റ് എം.പി. വിന്സെന്റിനാണു പരാതി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച തെളിവുകള്‍ നല്കാന് തയാറാണെന്നും നടപടി വേണമെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചേലൂര്‍ക്കാവ് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണ ഉണ്ടെന്നുള്ള ആരോപണം വോട്ടിംഗിനു ഏതാനും ദിവസം മുമ്പ് പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ഏറെ ചര്‍ച്ചയായിരുന്നു. ഈ രഹസ്യ ധാരണയാണ് തന്റെ പരാജയത്തിന്റെ കാരണമെന്നു കലാനിലയം 26-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിനോദ് തറയില്‍ പറഞ്ഞു. മുന്‍ ചെയര്‍പേഴ്സണ്‍മാരായ സോണിയഗിരി, മേരിക്കുട്ടി ജോയ് എന്നിവര്‍ക്കും മഹിള കോണ്‍ഗ്രസ് നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് സുജ സഞ്ജീവ്കുമാറിനും ചെയര്‍പേഴ്സണാകാന്‍ അവസരങ്ങള്‍ നല്‍കുമെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ മുന്‍ ചെയര്‍പേഴ്സണും ഡിസിസി സെക്രട്ടറിയുമായ സോണിയഗിരിക്കു അഞ്ചു വര്‍ഷക്കാലം ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കുമെന്നാണു ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. ഇതാണ് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മുന്‍ കാറളം പഞ്ചായത്ത് അംഗവും എട്ടു വര്‍ഷം മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം സ്ഥാനം വഹിച്ചിട്ടുള്ള സുജ സഞ്ജീവ്കുമാര്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ക്കു അധ്യക്ഷ സ്ഥാനം നല്‍കണമെന്നാവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. കൗണ്‍സില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണു ഡിസിസി സെക്രട്ടറി കൂടിയായ സോണിയഗിരി തെരഞ്ഞെടുക്കപ്പെടുന്നത്. വാര്‍ഡ് 26 ല്‍ നിന്നും 41 വോട്ടിനാണു സോണിയഗിരി ഇത്തവണ ജയിച്ചത്. അതേസമയം ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങള്‍ സംബന്ധിച്ചും ഭരണകാലാവധി സംബന്ധിച്ചും തീരുമാനമായിട്ടില്ലെന്നും പാര്‍ലിമെന്ററി പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവുമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും 27 നു മാത്രമേ ഇക്കാര്യങ്ങളില്‍ തീരുമാനം ആകുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. നഗരസഭ തുടര്‍ച്ചയായി മൂന്നാം തവണയാണ് വനിത ഭരിക്കുന്നത്. കഴിഞ്ഞ തവണ അധ്യക്ഷ പദവി എസ്സി ജനറല്‍ വിഭാഗത്തിനായിരുന്നെങ്കിലും ഭരണം ലഭിച്ച യുഡിഎഫിലെ ഏക പട്ടികജാതി വനിതാ അംഗമായിരുന്ന നിമ്യ ഷിജുവാണ് അധ്യക്ഷയായത്. 2010 ല്‍ നഗരസഭയുടെ അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു. 2010-2015 കാലഘട്ടത്തില്‍ മൂന്നു ഘട്ടമായി യുഡിഎഫിലെ സോണിയഗിരി, ബെന്‍സി ഡേവിസ്, മേരിക്കുട്ടി ജോയ് എന്നിവരായിരുന്നു അധ്യക്ഷ സ്ഥാനത്ത്. ഇത്തവണ വീണ്ടും വനിതാ സംവരണമാണ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും 17 സീറ്റ് നേടിയ യുഡിഎഫിനാണു സാധ്യത. സിപിഎം നേതാവായ കെ.ആര്. വിജയയായിരിക്കും 16 സീറ്റ് നേടിയ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. രണ്ടാം വട്ടവും മത്സരിച്ച് ജയിച്ച അമ്പിളി ജയനായിരിക്കും എട്ടു സീറ്റ് നേടിയ ബിജെപിയുടെ സ്ഥാനാര്‍ഥി.