കാറളത്ത് ലൈഫ് മിഷന് ഗുണഭോക്തൃ സംഗമം; പൂര്‍ത്തിയായത് 75 വീടുകള്‍
ഇരിങ്ങാലക്കുട: ലൈഫ് മിഷന് 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി കാറളം പഞ്ചായത്തില്‍ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ കാറളം പഞ്ചായത്തില്‍ 91 ഭവന കരാറിലായി 75 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 15 ഗുണഭോക്താക്കള്‍ക്കും രണ്ടാം ഘട്ടത്തില്‍ 60 ഗുണഭോക്താക്കള്ക്കുമാണു വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ബാക്കിയുള്ള 16 വീടുകളില്‍ ആറെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റു 10 വീടുകളുടെ നിര്‍മാണ തുകയിലേയ്ക്കായി ആദ്യ ഗഡുവും നല്കി കഴിഞ്ഞിട്ടുണ്ട്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ലഭിച്ച 171 അപേക്ഷകളില്‍ അര്‍ഹരായ 80 ഗുണഭോക്താക്കള്‍ക്കു വീട് വെച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലുമായി കാറളം ഗ്രാമപഞ്ചായത്തില്‍ ആകെ 171 ഗുണഭോക്താക്കളാണു ലൈഫ്മിഷന് ഭവന കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, കാറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.വി. അമ്പിളി എന്നിവര്‍ പങ്കെടുത്തു. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. ഷീല എന്നിവര്‍ പ്രസംഗിച്ചു.