കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം-മുഖ്യമന്ത്രി പിണറായി വിജയൻ
ഇരിങ്ങാലക്കുട: കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയസമഭ തിരഞ്ഞെടുപ്പു പ്രചരണണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുപ്പതു മികവിന്റെ കേന്ദ്രങ്ങളാണ് ആരംഭിക്കുവാൻ ലക്ഷ്യമിടുന്നത്. കേന്ദ്രങ്ങൾ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുകയെങ്കിലു, യൂണിവേഴ്സിറ്റികൾക്ക് കീഴീലായിരിക്കില്ല. മികച്ച കമ്പനികൾക്കാവശ്യമായ സാങ്കേതിക വിദഗ്ദരെ കണ്ടെത്തി നൽകുന്നതിന് രൂപം നൽകിയ പോർട്ടൽ രജിസ്ട്രേഷനിലൂടെ അനേകം പേർക്ക് വീടുകളിലിരുന്ന് തൊഴിൽ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കാൻ കഴിഞ്ഞതായി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമായി സംസ്ഥാനത്തെ മാറ്റാൻ കഴിഞ്ഞതിലുടെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞതായും ഇതിലൂടെ സംസ്ഥാനത്തെ നിക്ഷേപ സൗഹ്യദ സംസ്ഥാനമാക്കി മാറ്റുവാൻ കഴിഞ്ഞതായും പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകൾ നിർമ്മിച്ചു നൽകാൻ കഴിഞ്ഞതായി അവകാശപ്പെട്ട അദ്ദേഹം അടുത്ത അഞ്ചു വർഷം അഞ്ചു ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്നും പറഞ്ഞു. പരമ ദാരിദ്ര്യാവസ്ഥ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ ഇതിനുള്ള പരിശ്രമത്തിലാണ് എൽ. ഡി. എഫ് എന്നും ഇതാണ് നവകേരളമെന്നും ചൂണ്ടിക്കാട്ടി. സി. പി .ഐ. മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു, കൈപ്പമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥി ഇ. ടി. ടൈസൺ മാസ്റ്റർ, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ വി. ആർ. സുനിൽകുമാർ, പ്രൊഫ കെ. യു. അരുണൻ എം. എൽ. എ, ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് പി. കെ. ഡേവീസ് മാസ്റ്റർ, മുൻ എം. പി ടി. വി. ഇന്നസെന്റ്, മുൻ എം.പി സി. എൻ. ജയദവൻ, സി. പി. എം. ജില്ലാ സെക്രട്ടറി എം. എം. വർഗീസ്, എൻ. സി. പി. ജില്ലാ പ്രസിഡന്റ് ടി. കെ. ഉണ്ണിക്യഷ്ണൻ, സി. പി. എം. ജില്ലാ കമ്മറ്റിയംഗം അഡ്വ കെ. ആർ. വിജയ, ഏരിയ കമ്മറ്റിയംഗങ്ങളായ കെ.പി. ദിവാകരൻ മാസ്റ്റർ, വി. എ. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു. സി. പി. എം ജില്ലാ കമ്മറ്റിയംഗം ഉല്ലാസ് കളക്കാട്ട് സ്വാഗതവും ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ നന്ദിയും പറഞ്ഞു.