പിടിമുറുക്കി കോവിഡ്, പരിച തീര്‍ത്ത് നാട്….ഇരിങ്ങാലക്കുടയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. അടിയന്തരമായി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിക്കണമെന്നു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ടെന്നു ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അറിയിച്ചു. വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.വി. ചാര്‍ളി, ഡോ. കെ.പി. ജോര്‍ജ്, കെ.എസ്. പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. സിനി, ഇരിങ്ങാലക്കുട എസ്ഐ ജിഷില്‍ എന്നിവര്‍ പ്രസംഗിച്ചു.
തീരുമാനങ്ങള്‍-നിയന്ത്രണങ്ങള്‍
- വിവാഹം, ഗൃഹപ്രവേശം, മറ്റ് ചടങ്ങുകള്‍ എന്നിവക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എണ്ണം പാലിക്കുന്നുണ്ടെന്നും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കുന്നതിനായി നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപീകരിക്കും.
- നഗരസഭ പരിധിയിലെ പൊതുജനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ നിയമിച്ചിട്ടുള്ള നാലു സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ക്കു ആവശ്യമായ സഹകരണവും പിന്തുണയും നല്‍കും.
- മൈതാനങ്ങളും പരിസരവും കായിക പരിശീലന കേന്ദ്രങ്ങള്‍, ടര്‍ഫ് കോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയും അല്ലാത്തപക്ഷം കര്‍ശന നടപടി എടുക്കും.
- കോവിഡ് പ്രതിരോധത്തിനായി ഹോമിയോ, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍, മരുന്ന് ഉള്‍പ്പെടയുളള പിന്തുണ നല്‍കുന്നതിനും വാര്‍ഡ് കൗണ്‍സിലര്‍ മുഖാന്തിരം മരുന്നുകള്‍ വീടുകളില്‍ എത്തിക്കും.
- റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവ ഹോം ഡെലിവറി, ടെയ്ക്ക് എവേ എന്നിവ മാത്രമായി നിജപ്പെടുത്തി.
- കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും വഴിയോരകച്ചവടക്കാര്ക്കുമെതിരെ കര്‍ശന നടപടി എടുക്കും.
- കോവിഡ് മാനദണ്ഡങ്ങളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ സമയക്രമവും പൊതുജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി നഗരസഭ പ്രദേശത്ത് വിപുലമായി മൈക്ക് അനൗണ്‍സ്മെന്റ് നടത്തും.