ഞവരികുളം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു…..പുല്ല് വെട്ടിമാറ്റിയപ്പോള്‍ ലഭിച്ചത് നിരവധി മദ്യകുപ്പികള്‍…..
ഇരിങ്ങാലക്കുട: ഞവരികുളത്തില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതിന്റെ തെളിവാണു കഴിഞ്ഞ ദിവസം ഇവിടെ നിന്നും ലഭിച്ച മദ്യകുപ്പികളുടെ എണ്ണം വ്യക്തമാക്കുന്നത്. കാടും പടലും കയറി കിടക്കുന്ന അവസ്ഥയിലാണു ഞവരിക്കുളം. കഴിഞ്ഞ ദിവസം മുതല്‍ തൊഴിലുറപ്പു തൊഴിലാളികള്‍ കുളത്തിനു ചുറ്റുമുള്ള കാട് വെട്ടല്‍ ആരംഭിച്ചു. കുളത്തിന്റെ മുന്‍ വശത്തുള്ള പടവുകളുടെ ഭാഗത്തെ കുറ്റിക്കാട് വെട്ടി വൃത്തിയാക്കിയപ്പോഴാണു മദ്യകുപ്പികള്‍ ധാരാളമായി ലഭിച്ചത്. ഇതു കുളത്തിനു മുന്‍വശത്തുതന്നെ നിരത്തി വെച്ചിരിക്കുകയാണ്. കുളത്തിന്റെ ചെറിയ ഒരു ഭാഗം മാത്രം വൃത്തിയാക്കിയപ്പോള്‍ ലഭിച്ച മദ്യകുപ്പികളുടെ എണ്ണം നേക്കിയാല്‍ കുളം ചുറ്റും വൃത്തിയാക്കിയാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ഇവര്‍ ചോദിക്കുന്നത്. നഗരത്തിലെ മയക്കുമരുന്ന് ഉപഭോക്താക്കളുടെ ഇടതാവളമാണു ഈ കുളമെന്നു മുമ്പേ ആക്ഷേപമുണ്ടായിരുന്നു. നിരവധി പേരാണു പകലും രാത്രിയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിനായി ഇവിടെ എത്തുന്നത്. കടുത്ത വേനലിലും വറ്റാത്ത ഈ കുളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പലതവണ വൃത്തിയാക്കി നല്കിയിട്ടുള്ളതാണ്. എന്നാല്‍ വേണ്ടവിധം സംരക്ഷിക്കാന്‍ അധികൃതര്‍ ശ്രമിക്കാത്തതാണു സാമൂഹ്യവിരുദ്ധര്‍ക്കു തണലാകുന്നത്. കുളത്തിന്റെ മറുകരയിലിരുന്നാല് ഇക്കരയില്നിന്നും കടന്നുവരുന്നവരെ കാണാന്‍ സാധിക്കും. ആരെങ്കിലും വരുന്നതു കണ്ടാല്‍ സമീപത്തെ ഗവ. ബോയ്സ് സ്കൂള്‍ കോമ്പൗണ്ട് വഴി രക്ഷപ്പെടുകയാണു ഇവര്‍ ചെയ്യുന്നത്. ബോയ്സ് സ്കൂള്‍ കോമ്പൗണ്ട് മതില്‍കെട്ടി സംരക്ഷിക്കാത്തതിനാല്‍ ഇതും ഇത്തരക്കാര്‍ക്കു തണലേകുകയാണ്. രാത്രിയാല്‍ ഞവരികുളത്തിനു സമീപം തെരുവുവിളക്കുകള്‍ ഒന്നുംതന്നെ തെളിയാത്തതിനാല്‍ അനാശ്യാസ്യ പ്രവര്‍ത്തനത്തിനും ഇവിടം കേന്ദ്രമാകുന്നുണ്ട്. ഇതില്‍ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരാണു അധികവും. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ലക്ഷങ്ങളാണു കുളം നവീകരണത്തിനായി ചെലവഴിച്ചത്. അഞ്ചു വര്‍ഷം മുമ്പ് 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു കുളം നവീകരിച്ചത്. എന്നാല്‍ ഈ നവീകരണങ്ങള്‍ക്കു ശേഷം അത് സംരക്ഷിക്കുതിനോ, അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. കുളത്തിനു ചുറ്റും സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ചാണു ടൈല്‍സ് വിരിച്ചത്. ആളുകള്‍ക്കു കുളിക്കാനും വൈകുന്നേരങ്ങളില്‍ വിശ്രമിക്കാനുമായിട്ടാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ വലിയ നേട്ടമായി കൊട്ടിഘോഷിച്ചു നടത്തിയ സൗന്ദര്യവല്ക്കരണമെല്ലാം കാടുകയറി ഉപയോഗശൂന്യമായ നിലയിലാണ്. കുളത്തിനു ചുറ്റും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നിര്‍മിച്ച കൈവരിയെല്ലാം തകര്‍ന്നു. പലയിടത്തും ടൈലുകള്‍ പൊളിഞ്ഞുപോയി. ഇവയെല്ലാം വള്ളിപടര്‍പ്പുകള്‍ വിഴുങ്ങികഴിഞ്ഞു. അടിയന്തിരമായി കുളത്തിനു ചുറ്റിലും കാടുകയറിയ ഭാഗങ്ങളും കുളത്തിലെ പുല്ലും വ്യത്തിയാക്കി കുളത്തെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ വേണ്ട നടപടിയെടുക്കാന്‍ നഗരസഭ രംഗത്തിറങ്ങണമെന്നാണു നാട്ടുകാരുടെ ആവശ്യം. നടപ്പാതകള്‍ വൃത്തിയാക്കി ഇരിപ്പിട സൗകര്യവും നീന്തല്‍ പരിശീലനവും ബോട്ടിംഗ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തി നഗരമധ്യത്തിലെ ഈ ജലാശയത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഞവരിക്കുളം നവീകരിച്ചു കുളത്തിനു സമീപം ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിനു കഴിഞ്ഞ നഗരസഭ ഭരണസമിതി നടപടികള്‍ ആരംഭിച്ചെങ്കിലും ഈ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു.