പ്രവാസിക്കൂട്ടായ്മയുടെ സഹായം ‘ഇസ്മത്ത് മോള്’ ഇനി ബഷീറിനു സ്വന്തം
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ നെടുങ്ങാണത്തുകുന്ന് സ്വദേശി ബഷീര്‍ എന്ന കാഴ്ചപരിമിതിയുള്ള മത്സ്യക്കച്ചവടക്കാരനു ഇനി മുതല്‍ ‘ഇസ്മത്ത് മോള്’ എന്ന മീന്‍വണ്ടി സ്വന്തം. സൈക്കിളില്‍ മീന്‍ വിറ്റിരുന്ന ബഷീറിനു പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടതോടെ കച്ചവടം പ്രതിസന്ധിയിലായി. രണ്ട് ആണ് മക്കള്‍ക്കു കൂടി അന്ധത ബാധിച്ചപ്പോള്‍ ഉപജീവനത്തിനായി തനിക്ക് അറിയാവുന്ന മത്സ്യക്കച്ചവടം തന്നെ തുടര്‍ന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ അറിയാവുന്ന പ്രവാസികളുടെ സഹായത്തോടെ ഓട്ടോറിക്ഷ വാങ്ങുകയും ആ ഓട്ടോറിക്ഷയില്‍ ഒരു ഡ്രൈവറെയും സഹായിയായി കൂട്ടി ദിവസേനയുള്ള മത്സ്യവില്പന തുടര്‍ന്നു. ചുരുങ്ങിയ വരുമാനം കൊണ്ട് ലോണ്‍ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാല്‍ കോവിഡ് മൂലമുണ്ടായ അടച്ചിടലില്‍ വില്പന നിന്നു. അവസാനത്തെ മൂന്നു മാസത്തെ ലോണിന്റെ തിരിച്ചടവ് ഇങ്ങനെ മുടങ്ങി. അടവുകള്‍ തീര്‍ത്ത് ഓട്ടോറിക്ഷ സ്വന്തമാക്കാം എന്നത് ആഗ്രഹമായി അവശേഷിച്ചു. ഈ വിവരം അറിഞ്ഞപ്പോഴാണ് ആര്.കെ. റാഫിയുടെ നേതൃത്വത്തിലുള്ള കോണത്തുകുന്നിലെ ഏതാനും പ്രവാസി സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് സഹായിക്കാന്‍ തീരുമാനിച്ചത്. ഓട്ടോ സ്വന്തമാകാന്‍ ബാങ്കില്‍ തിരിച്ചടയ്ക്കേണ്ട 20,000 രൂപ ഇവരുടെ നേതൃത്വത്തില്‍ സമാഹരിച്ചു നല്കി. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു മുന്നില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് തുകയുടെ ചെക്ക് കൈമാറി. ടി.കെ. ഷറഫുദ്ദീന്, സലിം രായന്മരക്കാര് എന്നിവര്‍ പ്രസംഗിച്ചു.