അയ്യങ്കാവ് താലപ്പൊലി: വര്‍ണാഭം, ജനനിബിഡം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കീഴേടം അയ്യങ്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വര്‍ണപകിട്ടോടെ ആഘോഷിച്ചു. രാവിലെ നിര്‍മാല്യ ദര്‍ശനത്തോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഭക്തജനങ്ങളുടെ സാന്നിധ്യം സജീവമായിരുന്നു. രാവിലെ ബിലഹരി അവതരിപ്പിച്ച സോപാന സംഗീതവും, ഷീല ബ്രാഹ്മണിയമ്മ അവതരിപ്പിച്ച ബ്രാഹ്മണിപാട്ടും ചുറ്റമ്പലത്തിനകം ഭക്തിസാന്ദ്രമാക്കി. രാവിലെ പുറത്തേക്കെഴുന്നെള്ളിപ്പിനു ശേഷം കൊടുന്തരപ്പിള്ളി സുബരാമനും സംഘവും അവതരിപ്പിച്ച ദക്ഷിണ ഭാരതസമ്പ്രദായ ഭജനയുണ്ടായിരുന്നു. ഉച്ചതിരിഞ്ഞു നടന്ന പ്രസാദ ഊട്ടില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് അയ്യപ്പ സേവാസംഘം ഒരുക്കിയ ആനയൂട്ട് താലപ്പൊലി ചരിത്രത്തില്‍ ആദ്യമായിരുന്നു. തുടര്‍ന്ന് അഞ്ചാനകള്‍ അണിനിരന്ന കാഴ്ചശീവേലിക്കു ചെറുശേരി കുട്ടന് മാരാരുടെ നേതൃത്വത്തില്‍ പ്രശസ്ത വാദ്യകലാകാരന്മാര് ഒരുക്കിയ പഞ്ചാരിമേളം മേള ആസ്വാദകര്‍ നെഞ്ചേറ്റി. വൈകീട്ടു ദീപാരാധനക്കു സുനില്‍ പുത്തന്‍പീടികയുടെ നാദസ്വരം മിഴിവേകി.