ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ കേറ്ററിംഗ് സ്റ്റാള്‍ പൂട്ടിയിട്ട് മൂന്നര വര്‍ഷം
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ കേറ്ററിംഗ് സ്റ്റാള്‍ പൂട്ടിയിട്ട് മൂന്നര വര്‍ഷം. കടുത്ത ചൂടില്‍ വെള്ളം പോലും കിട്ടാതെ വലയുകയാണു യാത്രക്കാര്‍. കോവിഡിനു തൊട്ടു മുന്‍പാണ് ഒന്നാം പ്ലാറ്റ്ഫോമിലെ സ്റ്റാള്‍ പൂട്ടിയത്. പിന്നീടു കോവിഡ് മൂലം ട്രെയിന്‍ സര്‍വീസുകള്‍ കുറച്ചതോടെ സ്റ്റാള്‍ അടഞ്ഞു തന്നെ കിടന്നു. ട്രെയിനുകള്‍ സാധാരണ നിലയില്‍ സര്‍വീസ് ആരംഭിച്ചിട്ടും സ്റ്റാള്‍ മാത്രം തുറന്നില്ല. സ്റ്റേഷനിലെത്തുന്നവര്‍ക്കു നിലവില്‍ ഒരു കുപ്പി വെള്ളമോ ചായയോ കിട്ടാത്ത സാഹചര്യമാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ ആരംഭിക്കാനിരുന്ന സ്റ്റാള്‍ ഇതുവരെ തുറന്നില്ല. ഈ പ്ലാറ്റ്ഫോമില്‍ സ്റ്റാള്‍ ആരംഭിച്ചു കുടുംബശ്രീയെ പ്രവര്‍ത്തനം ഏല്‍പ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും റെയില്‍വെ അധികൃതര്‍ ചെവികൊണ്ടില്ല. റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതയുടെ അവഗണനയാണു സ്റ്റാളിന്റെ കാര്യത്തിലും തുടരുന്നതെന്നാണു യാത്രക്കാരുടെ ആരോപണം. സ്റ്റാള്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കണമെന്നു റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. ബിജു പനകൂടന്‍, മോഷ്യോ ജോസ്, പി.സി. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.