ജീവിതാനുഭവങ്ങള്‍ പകര്‍ന്ന പാഠങ്ങളുമായി സ്കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ ഇന്നസെന്റ്…
ഇരിങ്ങാലക്കുട: അഞ്ചാം ക്ലാസില്‍ മൂന്നു തവണ തോറ്റവന് പിന്നീട് എഴുതിയ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ അഞ്ചാം ക്ലാസിലെ തന്നെ പാഠപുസ്തകമായി തീര്‍ന്ന അനുഭവം സരസമായി വിവരിച്ച് നടന് ഇന്നസെന്റ്. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു വരുന്ന അഞ്ചു ദിവസത്തെ അവധിക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു മുന്നിലാണ് ഇന്നസെന്റ് മനസു തുറന്നത്. പട്ടണത്തിലെ സ്കൂളുകളില്‍ ഗേള്‍സ് സ്കൂളില്‍ പഠിക്കാന്‍ മാത്രം ഭാഗ്യം ലഭിച്ചിട്ടില്ല. ആദ്യം പഠിച്ചതു ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ആയിരുന്നു. തുടര്‍ന്നു നാഷണലില്‍ എത്തി. തോല്‍വികള്‍ തുടര്‍ന്നപ്പോള്‍ പരാജയങ്ങള്‍ വിജയത്തിന്റെ മുന്നോടിയാണെന്നു പറഞ്ഞാണു ടീച്ചര്‍ സമാധാനിപ്പിച്ചത്. സിനിമയും സാഹിത്യവും നാടകവും ആയിരുന്നു അന്നേ മനസില്‍. സ്കൂളില്‍ തന്നെ താമസിച്ചുള്ള പല ക്യാമ്പുകളില്‍ പങ്കെടുത്തത് ഒട്ടേറെ അറിവുകള്‍ നേടാന്‍ സഹായിച്ചു. പലപ്പോഴും പുസ്തകങ്ങളില്‍ നിന്ന് ഇത്തരം അറിവുകള്‍ ലഭിച്ചുവെന്നു വരില്ല. രോഗിയോട് എങ്ങനെ പെരുമാറണമെന്നു പലര്‍ക്കും അറിയില്ല. തന്നെ എറണാകുളത്തു വന്ന്ുകണ്ട ഒരു കോളജ് അധ്യാപിക ചികില്‍സിച്ചിട്ടും മരണമടഞ്ഞ സഹോദരന്റെ കാര്യമാണു പറഞ്ഞത്. ഏതു സര്‍വകലാശാലയില്‍ നിന്നാണു ടീച്ചര്‍ ബിരുദമെടുത്തതെന്നാണു ടീച്ചറോടു ചിരിച്ചു കൊണ്ടു തിരിച്ചു ചോദിച്ചത്. ആ സര്‍വകലാശാല കത്തിച്ചു കളയാനാണു ചോദിച്ചതെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളോട് ഇങ്ങനെ പറയാന്‍ പാടില്ലെന്നും താന്‍ പറഞ്ഞു. നമ്മള് ആരാകണമെന്നു നമ്മള് തന്നെ തീരുമാനിക്കണം. നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 18 വര്‍ഷമാണു പ്രവര്‍ത്തിച്ചത്. സ്കൂളില്‍ സ്കൗട്ട്സിലും മറ്റും പ്രവര്‍ത്തിച്ചത് ഒക്കെ ഗുണകരമായി. അംഗങ്ങള്‍ തന്നെ സ്നേഹിച്ചതു കൊണ്ടാണ് അത്രയും കാലം അമ്മയുടെ നേതൃത്വത്തില്‍ തുടരാന്‍ കഴിഞ്ഞത്. പേടിപ്പിച്ചു ഭരിക്കാന്‍ കഴിയില്ലെന്നും ജീവിതാനുഭവങ്ങളില്‍ നിന്നു പഠിച്ച പാഠങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു കൊണ്ട് ഇന്നസെന്റ് പറഞ്ഞു. ക്യാമ്പിന്റെ മൂന്നാം ദിനത്തില്‍ മുഖ്യാതിഥിയായിട്ടാണു ഇന്നസെന്റ് കുട്ടികള്‍ക്കു മുന്നില്‍ എത്തിയത്. ഹെഡ്മിസ്ട്രസുമാരായ ബിന്ദു പി. ജോണ്‍, കെ.ആര്. ഹേന, സീനിയര്‍ അസിസ്റ്റന്റ് വൃന്ദ, പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി, വിദ്യാര്‍ഥിനി മാനസ മുരളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിദ്യാലയങ്ങളിലെ അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ നിന്നായി 100 ഓളം കുട്ടികളാണു ക്യാമ്പില്‍ പങ്കെടുക്കുന്നത്.