സൗജന്യ കെഫോണ്‍ ആദ്യഘട്ടത്തില്‍ ഓരോ മണ്ഡലത്തിലും നൂറ് കണക്ഷന്
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പദ്ധതിയായ കെഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 100 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന് നല്‍കും. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ നൂറ് കെഫോണ്‍ കണക്ഷനുകള്‍ നല്‍കുമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന കെഫോണ്‍ വിതരണ അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇതില്‍ പത്ത് എണ്ണം എസ്സി വിഭാഗത്തിനും മൂന്ന് എണ്ണം എസ്ടി വിഭാഗത്തിനുമായിട്ടായിരിക്കണം നല്‍കേണ്ടത്. ഗുണഭോക്താക്കളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് കണ്ടെത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. നോഡല്‍ ഓഫീസറായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിനീഷ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാ ബാലന്, വിജയലക്ഷ്മി വിനയചന്ദ്രന്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രന്, സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി. കെ.ആര്. ജോജോ, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ സുജാ സജീവ് കുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു