കാട്ടാംതോട് കോളനിയില്‍ ഇനി ജലസമൃദ്ധി: കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കാട്ടാംതോട് കോളനി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനു ശാശ്വതപരിഹാരമായി. കാട്ടാംതോട് എസ്സി കുടിവെള്ള പദ്ധതി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു നാടിന് സമര്‍പ്പിച്ചു. ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന ഫണ്ട് 32.74 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷനും കുടിവെള്ള പദ്ധതികളും ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ള മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാട്ടാംതോട് കോളനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സ്ത്രീകളുടെ തൊഴില്‍പരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ആര്. ബിന്ദു വ്യക്തമാക്കി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് ജെ. കളത്തിങ്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (വാട്ടര്‍ അതോറിറ്റി) വിജു മോഹന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.