ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം പൂതംകുളം മൈതാനത്ത്
എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്
ഇരിങ്ങാലക്കുട: എല്ലാ ജില്ലകളിലും രണ്ട് ദ്രവമാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ പൂതംകുളം മൈതാനിയില്‍ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കരണ രംഗത്ത് നടത്തിയ ഇടപെടലുകള്‍ക്ക് കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം നേടാന്‍ കേരളത്തിന് കഴിഞ്ഞു. കോടിക്കണക്കിന് രൂപയാണ് ശുചിത്വ രംഗത്തെ വീഴ്ചകളുടെ പേരില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ട്രിബ്യൂണല്‍ പിഴ ചുമത്തിയിരിക്കുന്നത്. ഒരു പ്രദേശത്ത് മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ പ്രദേശവാസികളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നുണ്ട്. എന്നാല്‍ സംസ്കരിക്കാത്ത മാലിന്യമാണ് പ്ലാന്റിനേക്കാള്‍ അപകടം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. പുതിയ കെട്ടിടങ്ങള്‍ മനോഹരമായി നിര്‍മ്മിക്കുമ്പോള്‍ തന്നെ അവ നിലനിറുത്തുന്ന കാര്യത്തിലും ജാഗ്രത പാലിക്കണമെന്ന് പൊതു ശൗചാലയങ്ങളുടെ സ്ഥിതി ചൂണ്ടിക്കാട്ടി മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ ഗീതകുമാരി റിപോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വൈസ് ചെയര്മാന് ടി. വി. ചാര്‍ലി, സെക്രട്ടറി മുഹമ്മദ് അനസ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.