പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍നിന്ന് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി
ഇരിങ്ങാലക്കുട: പ്രണയവിവാഹിതയായ മകള്‍ക്ക് പിതാവില്‍നിന്ന് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് വിധിച്ച് ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവ്. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്വദാസിനെതിരേ മകള്‍ നിവേദിത നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കുടുംബകോടതി ജഡ്ജ് ഡി. സുരേഷ്കുമാര്‍ വിധി പ്രഖ്യാപിച്ചത്. പിതാവില്‍നിന്ന് 35,000 രൂപ ചെലവിനത്തിലും 35 ലക്ഷം വിവാഹച്ചെലവിനത്തിലും ആവശ്യപ്പെട്ടാണ് നിവേദിത കോടതിയെ സമീപിച്ചത്. 2010 മുതല്‍ പിതാവ് ചെലവിന് തരുന്നില്ലെന്നും പരാതിക്കാരിയോടും അമ്മയോടും പിതാവായ ശെല്‍വദാസ് ക്രൂരത കാണിച്ചുവെന്നും മറ്റും നിവേദിത ആരോപിച്ചിരുന്നു. കോടതിയില്‍ ഹാജരായ ശെല്‍വദാസ് മകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും 2013 ഡിസംബര്‍ വരെ മകള്‍ക്ക് ചെലവിന് നല്‍കിയിരുന്നുവെന്നും മകളെ ബിഡിഎസ് വരെ പഠിപ്പിച്ചതായും അറിയിച്ചു. മകളുടേത് പ്രണയ വിവാഹമായിരുന്നുവെന്നും വിവാഹം പിതാവിനെ അറിയിച്ചില്ലെന്നും ശെല്‍വദാസ് കോടതിയെ ബോധിപ്പിച്ചു. അതിനാല്‍ മകള്‍ക്ക് ചെലവിന് ലഭിക്കുന്നതിനോ വിവാഹച്ചെലവ് ലഭിക്കുന്നതിനോ അര്‍ഹതയില്ലെന്നും കോടതിയില്‍ വാദിച്ചു. തെളിവുകള്‍ പരിശോധിച്ച കോടതി പിതാവിന്റെ വാദം അംഗീകരിക്കുകയും മകള്‍ ബോധിപ്പിച്ച ഹര്‍ജികള്‍ തള്ളുകയും, പ്രണയവിവാഹം കഴിച്ച മകള്‍ക്ക് പിതാവില്‍നിന്ന് വിവാഹച്ചെലവോ മറ്റ് ചെലവുകളോ ലഭിക്കുന്നതിന് അര്‍ഹതയില്ലെന്ന് വിധിച്ച് ഉത്തരവിടുകയുമായിരുന്നു. ശെല്വദാസിനുവേണ്ടി അഡ്വക്കേറ്റുമാരായ പി.വി. ഗോപകുമാര്‍ മാമ്പുഴ, കെ.എം. അബ്ദുള്‍ഷുക്കൂര്‍ എന്നിവര്‍ ഹാജരായി.