അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പ്രഥമ സാങ്കേതതല യോഗം നടത്തി
ഇരിങ്ങാലക്കുട: അംബേദ്ക്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ കനാല്‍ബേസ് കോളനിയിലെ പ്രഥമ സങ്കേത തല യോഗം ചേര്‍ന്നു. 30ല്‍ അധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ നിന്നും എംഎല്‍എ നിര്‍ദ്ദേശിക്കുന്ന ഒരു കോളനിയിലാണ് എല്ലാ വര്‍ഷവും ഈ പദ്ധതി പ്രകാരം തുക അനുവദിക്കുന്നത്. ഒരു കോടി രൂപയാണ് നവീകരണത്തിനായി ലഭിക്കുക. കോളനിക്കുള്ളിലെ നടപ്പാത, ഡ്രെയിനേജ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, കോളനിക്കുള്ളിലെ പൊതുസ്ഥലങ്ങളുടേയും വീടുകളുടേയും വൈദ്യുതിവല്‍ക്കരണം, സോളാര്‍ തെരുവ് വിളക്ക് സ്ഥാപിക്കല്‍, ഖര ദ്രവ്യ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍, ഭവന പുനരുദ്ധാരണം, പൊതു ആസ്തികളുടെ മെയിന്റനന്‍സ്, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ സംരഭങ്ങള്‍ എന്നിവയെല്ലാമാണ് ഈ പദ്ധതിയുടെ കീഴിലുള്‍പ്പെടുത്തി നടപ്പിലാക്കാന്‍ സാധിക്കുക. സങ്കേതതല യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.സി. ഷിബിന്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ എന്നിവര്‍ സംസാരിച്ചു. എസ്സിഡിഒ പി.യു. ചിത്ര സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്സണ്‍ പുഷ്പാവതി നന്ദിയും പറഞ്ഞു. എംഎല്‍എ ചെയര്‍മാനായും എസ്സിഡിഒ കണ്‍വീനറായും വാര്‍ഡ് കൗണ്‍സിലര്‍, എസ്സി പ്രൊമോട്ടര്‍, സങ്കേതത്തിലെ താമസക്കാരായ അംബിക വിശാഖന്, എന്‍.കെ. സുജിത്ത് എന്നിവര്‍ അംഗങ്ങളായും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.