ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന;
ബി സ്പോട്ട് റെസ്റ്റോറന്റില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ബി സ്പോട്ട് റെസ്റ്റോറന്റില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചിക്കന്‍, ബീഫ്, ഗ്രീന്‍ പീസ്, ലിവര്‍, ചോറ്, നൂഡില്‍സ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. നഗരസഭ ഓഫീസിന് മുന്നില്‍ മുനിസിപ്പല്‍ മൈതാനത്തിനടുത്തായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഹോട്ടലിന് അടുത്ത് തന്നെ ഹെല്‍ത്തുള്ള ഷാജി ജോസിന്റെ ഉടമസ്ഥതയിലാണ് ബി സ്പോട്ട് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി പട്ടണത്തിലെ 12 ഓളം ഹോട്ടലുകളിലായിരുന്നു മിന്നല്‍ പരിശോധന. ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.ജി. അനില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, എച്ച്ഐ അനില്‍ കുമാര്‍, ജെഎച്ച്ഐമാരായ സി.ജി. അജു, സൂരജ് എന്നിവര്‍ പരിശോധനകള്‍ക്ക് നേത്യത്വം നല്കി. ഹോട്ടല്‍ ഉടമസ്ഥനില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
എടതിരിഞ്ഞിയില്‍ രണ്ട് ഹോട്ടലുകള്‍ താല്കാലികമായി അടപ്പിച്ചു
പടിയൂര്‍: പടിയൂര്‍ ഗ്രാമപഞ്ചായത്തും പടിയൂര്‍ കുടുംബരോഗ്യകേന്ദ്രം അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകള്‍ താല്കാലികമായി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എടതിരിഞ്ഞിയിലെ കൊടുങ്ങല്ലൂര്‍ ടീ സ്റ്റാള്‍, കട്ടന്‍കാപ്പി എന്നീ സ്ഥാപനങ്ങളാണ് ഏഴുദിവസത്തേക്ക് താല്കാലികമായി അടപ്പിച്ചത്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഭക്ഷ്യ ഉല്പാദന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ജയചന്ദ്രന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.വി. ജീന്‍വാസ്, എസ്. മായ, കെ.എസ്. അനു, പഞ്ചായത്ത് ക്ലാര്‍ക്ക്. ലെനിന്, കലേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കാട്ടൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
കാട്ടൂരില്‍ പിഴ ചുമത്തി
കാട്ടൂര്‍: കാട്ടൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതും ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ് എന്നിവ ഇല്ലാത്തതുമായ വ്യാപാരസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.എം. ഉമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ കമാല്ജിത്ത്, കെ. നീതുമോള്‍, പഞ്ചായത്ത് ജീവനക്കാരായ ഇ.എസ്. അമല്‍, കെ. ധനേഷ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. പി.എ. ഷാജി, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷാജിക് എന്നിവര്‍ അറിയിച്ചു.